24 മണിക്കൂർ നിർത്താതെ പായും, നാല് ചക്രങ്ങൾക്കും കരുത്ത്..! ഫോർമുല വൺ കാറുകളിൽനിന്ന് ഫെരാരി 499Pയെ വ്യത്യസ്തമാക്കുന്നത് എന്ത്?

ലെ മാൻസ് പോലുള്ള ദീർഘദൂര മത്സരങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കാർ കരുത്തിലും സാങ്കേതികവിദ്യയിലും ഡ്രൈവർ സൗകര്യത്തിലും വേറിട്ട സവിശേഷതകളുമായാണ് എത്തുന്നത്

24 മണിക്കൂർ നിർത്താതെ പായും, നാല് ചക്രങ്ങൾക്കും കരുത്ത്..! ഫോർമുല വൺ കാറുകളിൽനിന്ന് ഫെരാരി 499Pയെ വ്യത്യസ്തമാക്കുന്നത് എന്ത്?
24 മണിക്കൂർ നിർത്താതെ പായും, നാല് ചക്രങ്ങൾക്കും കരുത്ത്..! ഫോർമുല വൺ കാറുകളിൽനിന്ന് ഫെരാരി 499Pയെ വ്യത്യസ്തമാക്കുന്നത് എന്ത്?

വേഗത മാത്രമല്ല, തുടർച്ചയായി 24 മണിക്കൂർ റേസിങ് ട്രാക്കിൽ പിടിച്ചുനിൽക്കാനുള്ള കരുത്തും വേണം. അതാണ് ഫെരാരിയുടെ 499P ഹൈപ്പർകാറിനെ സാധാരണ ഫോർമുല വൺ കാറുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ലെ മാൻസ് പോലുള്ള ദീർഘദൂര മത്സരങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കാർ കരുത്തിലും സാങ്കേതികവിദ്യയിലും ഡ്രൈവർ സൗകര്യത്തിലും വേറിട്ട സവിശേഷതകളുമായാണ് എത്തുന്നത്. 3.0 ലിറ്റർ വി6 ട്വിൻ ടർബോ എൻജിനും ഹൈബ്രിഡ് സംവിധാനവുമാണ് ഇതിന്റെ പ്രധാന കരുത്ത്.

ഫോർമുല വൺ കാറുകൾ ഏകദേശം 300 കിലോമീറ്റർ ദൈർഘ്യമുള്ള ഹ്രസ്വ മത്സരങ്ങൾക്കായാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഫെരാരി 499Pയ്ക്ക് തുടർച്ചയായി 24 മണിക്കൂർ മത്സരിക്കാനുള്ള ശേഷിയുണ്ട്. ലെ മാൻസിൽ 300ലധികം ലാപ്പുകൾ പിന്നിടേണ്ടിവരുന്നതിനാൽ എൻജിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ 1,000 മണിക്കൂറിലധികം ബെഞ്ച് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഫോർമുല വൺ കാറുകൾ പിൻചക്രങ്ങൾ വഴിയാണ് കരുത്ത് കൈമാറുന്നതെങ്കിൽ 499Pയിൽ ഹൈബ്രിഡ് ഓൾവീൽ ഡ്രൈവ് സംവിധാനമാണുള്ളത്. മണിക്കൂറിൽ 190 കിലോമീറ്ററിന് മുകളിൽ വേഗതയിലെത്തുമ്പോൾ മുൻ ആക്സിലിലെ ഇലക്ട്രിക് മോട്ടോർ 272 കുതിരശക്തി നൽകും. ബ്രേക്കിങ് സമയത്ത് ലഭിക്കുന്ന ഊർജം 800 വോൾട്ട് ബാറ്ററിയിൽ സംഭരിച്ച് നാല് ചക്രങ്ങളിലേക്കും കരുത്ത് നൽകാനും സംവിധാനമുണ്ട്.

Also Read: വെടിയുണ്ടയും മിസൈലും ഒരുപോലെയല്ല; പട്ടാള ടാങ്കുകൾക്ക് ഒന്നല്ല, പലതരം കവചങ്ങൾ! ഇതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം എന്ത്?

രൂപകൽപ്പനയിലും വലിയ വ്യത്യാസങ്ങളുണ്ട്. തുറന്ന കോക്ക്പിറ്റും പുറത്തുകാണുന്ന ചക്രങ്ങളുമുള്ള ഫോർമുല വൺ കാറുകളിൽനിന്ന് വ്യത്യസ്തമായി 499Pയ്ക്ക് അടച്ച കാർബൺ ഫൈബർ കോക്ക്പിറ്റും മൂടിയ ചക്രങ്ങളുമാണുള്ളത്. ദീർഘദൂരങ്ങളിൽ വായുപ്രതിരോധം കുറയ്ക്കുന്നതിനൊപ്പം മഴ, രാത്രിയിലെ ഇരുട്ട്, ട്രാക്കിലെ അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് ഡ്രൈവറെ സംരക്ഷിക്കാനും ഈ രൂപകൽപ്പന സഹായിക്കുന്നു. ഒരു ഡ്രൈവർക്കായി പ്രത്യേകം ക്രമീകരിക്കുന്ന ഫോർമുല വൺ കോക്ക്പിറ്റിൽനിന്ന് വ്യത്യസ്തമായി 499Pയിൽ മത്സരത്തിനിടെ മാറിമാറി ഉപയോഗിക്കുന്ന മൂന്ന് ഡ്രൈവർമാർക്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ക്രമീകരിക്കാവുന്ന പെഡലുകൾ, വിൻഡ്‌സ്‌ക്രീൻ വൈപ്പർ നിയന്ത്രണങ്ങൾ, രാത്രിയിലെ മത്സരങ്ങളിൽ മറ്റ് വിഭാഗങ്ങളിലെ വാഹനങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഹൈബീം ഹെഡ്‌ലൈറ്റ് നിയന്ത്രണങ്ങൾ എന്നിവയും ഇതിലുണ്ട്.

ഇന്ത്യൻ മോട്ടോർസ്പോർട്സ് ആരാധകർക്കും ഫെരാരി 499Pയെ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടന്ന യൂണിവേഴ്സോ ഫെരാരി പ്രദർശനത്തിന്റെ ഭാഗമായി ഒക്ടോബർ 17 മുതൽ നവംബർ 1 വരെ കാർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. 24 മണിക്കൂർ നീളുന്ന മത്സരങ്ങളെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്ത എൻജിൻ, ഹൈബ്രിഡ് ഓൾവീൽ ഡ്രൈവ്, അടച്ച കോക്ക്പിറ്റ്, മൂന്ന് ഡ്രൈവർമാർക്കുള്ള സൗകര്യം എന്നിവയെല്ലാം ചേർന്നാണ് 499Pയെ ഫോർമുല വൺ കാറുകളിൽനിന്ന് വ്യത്യസ്തമായൊരു റേസിങ് യന്ത്രമാക്കുന്നത്.

Share Email
Top