കടലൂർ: മകന്റെ ഭാര്യയും കാമുകനും ചേർന്ന് നടുറോഡിൽ വച്ച് തീകൊളുത്തിയ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രൻ (64) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇദ്ദേഹം കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രാജേന്ദ്രന്റെ മരുമകൾ ബി. ജയപ്രിയ (28), ഇവരുടെ കാമുകൻ ഡി. മണികണ്ഠൻ (39) എന്നിവരെ പോലീസ് പിടികൂടി.
രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും മണികണ്ഠനും തമ്മിലുള്ള അവിഹിത ബന്ധം രാജേന്ദ്രൻ കണ്ടുപിടിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇവരുടെ ബന്ധത്തെ രാജേന്ദ്രൻ ശക്തമായി ചോദ്യം ചെയ്തതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വച്ച് രാജേന്ദ്രനെ തടഞ്ഞുനിർത്തിയ മണികണ്ഠനും ജയപ്രിയയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിന് പുറകിലും മാരകമായി പൊള്ളലേറ്റ രാജേന്ദ്രൻ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.






