കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതിയായ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഷുഹൈബ് കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ അധ്യാപകൻ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവർക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കേസെന്ന് ഷുഹൈബ് ആരോപിച്ചു. ചോദ്യപേപ്പർ കൈപ്പറ്റിയ അധ്യാപകൻ ഫഹദിനെ അയച്ചത് മറ്റൊരു സ്ഥാപനമാണ്. കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും തെളിവുകൾ കൈവശമുണ്ടെന്നും ഷുഹൈബ് മാധ്യമങ്ങളോട് വ്യക്തമാക്കി.
Also Read: ചോദ്യപേപ്പർ ചോർച്ച; വകുപ്പുതല നടപടികൾ ആരംഭിക്കാൻ നിർദേശം നൽകി
അതേസമയം ചോദ്യപേപ്പർ ചോർത്തി നൽകിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ചോദ്യ പേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എംഎസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്.






