കൊല്ലം- ചെന്നൈ എഗ്‌മോർ എക്സ്പ്രസിൽ രേഖകളില്ലാത്ത പണവുമായി യുവാവ് പിടിയിലായി. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദിനെയാണ് പുനലൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
പുനലൂർ റെയിൽവേ പോലീസ് എസ്.എച്ച്.ഒ പ്രദീപ് പി.കെ.യുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. ജനറൽ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആനന്ദിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ വീതമുള്ള 25 കെട്ടുകൾ കണ്ടെടുത്തത്. കൃത്യമായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഈ തുക പോലീസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.






