ഇന്ത്യൻ ബോക്സ് ഓഫീസിനെ വിറപ്പിച്ച അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂൾ’ ജപ്പാനിലും ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ ജപ്പാൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 105 ദശലക്ഷം യെൻ (ഏകദേശം 6.1 കോടി രൂപ) സ്വന്തമാക്കി കഴിഞ്ഞു. ദൈർഘ്യം കുറഞ്ഞ സിനിമകൾക്ക് മുൻഗണന നൽകുന്ന ജാപ്പനീസ് പ്രേക്ഷകർക്കിടയിലാണ് 3 മണിക്കൂർ 40 മിനിറ്റ് നീളമുള്ള പുഷ്പയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതിനോടകം 17,000-ത്തിലധികം ആളുകളാണ് ജപ്പാനിലെ വിവിധ തിയേറ്ററുകളിലായി സിനിമ കണ്ടത്. അല്ലു അർജുൻ എന്ന താരത്തിന്റെ ആഗോള സ്വാധീനത്തെയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്. ജപ്പാനിലെ മുഖ്യധാര സിനിമാ വിപണിയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2 മാറി. ജാപ്പനീസ് തിയേറ്ററുകളിൽ സിനിമകൾക്ക് കൂടുതൽ കാലം പ്രദർശിപ്പിക്കാനുള്ള പ്രവണത ഉള്ളതിനാൽ, വരും വാരങ്ങളിലും പുഷ്പയുടെ കളക്ഷൻ കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ഇന്ത്യൻ സിനിമാലോകം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന റിലീസായിരുന്നു ‘പുഷ്പ 2: ദ റൂൾ’. 2021-ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദ റൈസ്’ നേടിയ ഐതിഹാസിക വിജയവും ആഗോളതലത്തിൽ ലഭിച്ച ജനപ്രീതിയുമാണ് രണ്ടാം ഭാഗത്തിനായി ഇത്ര വലിയ കാത്തിരിപ്പ് സൃഷ്ടിച്ചത്. തിയേറ്ററുകളിലെത്തിയപ്പോൾ തെക്കേ ഇന്ത്യയേക്കാൾ ആവേശകരമായ വരവേൽപ്പാണ് ഉത്തരേന്ത്യൻ പ്രേക്ഷകർ ഈ ചിത്രത്തിന് നൽകിയത്. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. അല്ലു അർജുനൊപ്പം കരുത്തുറ്റ പ്രതിനായക വേഷത്തിൽ മലയാളി താരം ഫഹദ് ഫാസിലും തിളങ്ങി. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.






