ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ വിതരണാവകാശത്തിലൂടെ പുഷ്പ 2 നേടിയിരിക്കുന്നത് 200 കോടി

ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ വിതരണാവകാശത്തിലൂടെ പുഷ്പ 2 നേടിയിരിക്കുന്നത് 200 കോടി

പാന്‍ ഇന്ത്യന്‍ താരമായി അല്ലു അര്‍ജുന്‍ എന്ന നടനെ ഉയര്‍ത്തിയ ചിത്രമായിരുന്നു പുഷ്പ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ബോക്‌സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഉത്തരേന്ത്യന്‍ വിതരണാവകാശത്തില്‍ ഞെട്ടിക്കുകയാണ് ചിത്രം.

ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ വിതരണാവകാശത്തിലൂടെ പുഷ്പ 2 നേടിയിരിക്കുന്നത് 200 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പുഷ്പ 1ന്റെ ബജറ്റ് 200 കോടിക്കും 250 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനില്‍ തടാനിയുടെ എഎ ഫിലിംസ് ആണ് പുഷ്പ 2ന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള മറ്റ് ചില ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ വിതരണാവകാശവും എ എ ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. പ്രഭാസ് നായകനാവുന്ന കല്‍കി 2898 എഡി, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ദേവര: പാര്‍ട്ട് 1 എന്നിവയാണ് അവ. ഇതില്‍ ദേവരയുടെ വിതരണാവകാശം നേടിയിരിക്കുന്നത് എഎ ഫിലിംസിനൊപ്പം ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

കല്‍കിയുടെ ഉത്തരേന്ത്യന്‍ വിതരണാവകാശം 75 കോടി മുടക്കിയാണ് എഎ ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ദേവരയുടേത് 50 കോടി മുടക്കിയും. ഷങ്കറിന്റെ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 നും നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സില്‍ മികച്ച തുക ലഭിച്ചിട്ടുണ്ട്. 20 കോടി മുടക്കി ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് പെന്‍ മരുധര്‍ ആണ്. സിനിമയിലെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 60 കോടി രൂപ ചെലവഴിച്ചുവെന്നായിരുന്നു അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ട്. തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര ആഘോഷവും അതുമായി ബന്ധപ്പെട്ട ഒരു സംഘട്ടനവും ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു വമ്പന്‍ ബജറ്റില്‍ നടന്നത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു.

Top