മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ വാന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിങ്കളാഴ്ച നടന്ന ദുരന്തത്തിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ദേവാസിലെ സത്‌വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കലാവത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു സംഘം.
കനത്ത മഴയെത്തുടര്‍ന്ന് തോട് കവിഞ്ഞൊഴുകി റോഡിലേക്ക് വെള്ളം കയറിയിരുന്നു. റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ മുന്നോട്ട് പോകരുതെന്ന് നാട്ടുകാര്‍ വാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഇത് വകവെക്കാതെ വാന്‍ മുന്നോട്ട് എടുക്കുകയായിരുന്നു. തുടര്‍ന്ന് വാന്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പതിനൊന്ന് പേരില്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് 45-ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. രക്ഷപ്പെടുത്തിയ രണ്ട് പേര്‍ ഒഴികെയുള്ള ഒന്‍പത് പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുത്തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദേശം നല്‍കിയതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രോഹിത്ത് ബാംഹോര്‍ അറിയിച്ചു.






