ആഗോള തലത്തിൽ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ നിന്നുതന്നെ കുടിവെള്ളം നിർമിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ അക്വോ. വായുവിലെ ഈർപ്പത്തിൽ നിന്ന് ശുദ്ധമായ കുടിവെള്ളം വേർതിരിച്ചെടുക്കുന്ന അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്ററുകളാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
മൂന്ന് പാളികളുള്ള ഫിൽട്രേഷൻ സംവിധാനത്തിലൂടെ വായുവിനെ വലിച്ചെടുക്കുകയും, ഒരു കണ്ടൻസറിൽ തണുപ്പിച്ച് ഘനീഭവിപ്പിക്കുകയും, ഒരു സംഭരണ ടാങ്കിൽ വെള്ളം ശേഖരിക്കുകയും ചെയ്യുന്നു. തുടർന്ന് അധിക ഫിൽട്രേഷൻ നടത്തുകയും ചെയ്യുന്നതാണ് ഈ പ്രക്രിയ. പ്രത്യേകിച്ചും വരൾച്ച, മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പ്രദേശങ്ങളിൽ ഊർജക്ഷമതയുള്ള ഈ സാങ്കേതികവിദ്യ ജലക്ഷാമത്തിന് സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഒരു പരിഹാര മാർഗം കൂടിയാണ്.
Also Read: വിവാദ ഫില്‍റ്റര്‍ നീക്കം ചെയ്ത് ടിക് ടോക്
ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിലാണ് ഇത് കൂടുതൽ പ്രവർത്തന ക്ഷമമാകുന്നത്. എന്നാൽ വരണ്ട കാലാവസ്ഥയിലും ഇത് ഉപയോഗിക്കാൻ കഴിയും. ഭൂഗർഭജല സംരക്ഷണത്തിനും ദുർബല പ്രദേശങ്ങളിൽ ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാർഗമാണിത്.