പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ ടീമുകള്‍ക്ക് വിജയം അനിവാര്യം

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഈ ടീമുകള്‍ക്ക് വിജയം അനിവാര്യം

ധരംശാല: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. രാത്രി നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവണ്‍ പഞ്ചാബ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി 7.30 നാണ് മത്സരം. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമിനും വിജയം അനിവാര്യമാണ്. പോയന്റ് ടേബിളില്‍ നിലവില്‍ 8ാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. 11 കളികളില്‍ 8 പോയന്റാണ് പഞ്ചാബ് കിങ്‌സിനുള്ളത്. 4 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ജോണി ബെയര്‍സ്‌റ്റോ,സാം കരന്‍, പ്രഭ്‌സിമ്രാന്‍ സിങ് അടക്കമുള്ള മികച്ച താരങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് തിളങ്ങാനാവാത്തതാണ് കിങ്‌സിനെ അലട്ടുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയം മാത്രമാണ് സാം കരനും സംഘവും ലക്ഷ്യമിടുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 11 കളികളില്‍ നിന്ന് എട്ട് പോയന്റ് തന്നെയാണുള്ളത്. എന്നാല്‍ പഞ്ചാബിനെക്കാള്‍ റണ്‍നിരക്കില്‍ മുന്നിലുള്ള ആര്‍സിബി ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം കൈവരിച്ച ആര്‍സിബി മികച്ച ഫോമിലാണ്. സൂപ്പര്‍ താരം വിരാട് കോലി, നായകന്‍ ഡൂപ്ലെസിസ്, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്നും ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ കിങ്‌സിനെ തോല്‍പ്പിക്കാം.

Top