ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ അലയൻസ് അരീനയിൽ സമനിലയിൽ തളച്ച് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദ സെമിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും, ആദ്യ പാദത്തിലെ 5-4 വിജയത്തിന്റെ പിൻബലത്തിൽ പിഎസ്ജി (അഗ്രിഗേറ്റ് സ്കോർ: 6-5) കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. മേയ് 30-ന് ബുദാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ ആഴ്‌സണലാണ് പിഎസ്ജിയുടെ എതിരാളികൾ.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഒസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി ലീഡെടുത്തു. ഖ്വിച്ച വാരത്‌സ്‌ഹേലിയ നൽകിയ മനോഹരമായ പാസാണ് ഗോളിൽ കലാശിച്ചത്. ഇതോടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോളിലോ അസിസ്റ്റിലോ പങ്കാളിയാകുന്ന ആദ്യ താരമെന്ന റെക്കോർഡ് വാരത്‌സ്‌ഹേലിയ സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ ആക്രമിച്ച് കളിച്ച ബയേണിന് പിഎസ്ജിയുടെ പ്രതിരോധക്കോട്ട തകർക്കാൻ ഇൻജുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ ഹാരി കെയ്ൻ ബയേണിനായി സമനില ഗോൾ നേടിയെങ്കിലും ഫൈനൽ ബർത്ത് ഉറപ്പിക്കാൻ അത് മതിയാകുമായിരുന്നില്ല.
Also Read: നായകന്മാരില്ലാതെ മുംബൈ ഇന്ത്യൻസ് റായ്പൂരിലേക്ക്; ആർസിബിക്കെതിരെ തിലക് വർമ്മ നയിച്ചേക്കും!
മത്സരത്തിലെ പല നിർണായക തീരുമാനങ്ങളും തങ്ങൾക്ക് അനുകൂലമായില്ലെന്ന പരാതിയുമായാണ് ബയേൺ കളം വിട്ടത്. പിഎസ്ജി താരങ്ങളായ നുനോ മെൻഡസ്, ജാവോ നെവസ് എന്നിവർക്കെതിരായ ഹാൻഡ്‌ബോൾ അപ്പീലുകൾ റഫറി തള്ളിക്കളഞ്ഞു. വാർ പരിശോധനയ്ക്ക് പോലും റഫറി തയ്യാറാകാത്തത് ബയേൺ താരങ്ങളുടെയും ആരാധകരുടെയും കടുത്ത പ്രതിഷേധത്തിന് കാരണമായി.






