കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കെതിരെ മധ്യപ്രദേശിൽ പ്രതിഷേധം. രോഗബാധയെ തുടർന്ന് ആദിവാസി കുട്ടികൾ കൂട്ടത്തോടെ മരിച്ച ബലാഘാട്ടിലെ ഗ്രാമങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. ഇൻഫ്ലുവൻസർമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സംഘം ആളുകൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ സന്ദർശനമെന്ന് ആരോപിച്ച് അദ്ദേഹത്തെ തടയുകയായിരുന്നു.
സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ച് മുപ്പതിലേറെ ആദിവാസി കുട്ടികളാണ് ബലാഘാട്ടിൽ മരണപ്പെട്ടത്. അഡോരി, കോർക്ക, ബോണ്ടാരി തുടങ്ങിയ ഗ്രാമങ്ങളിലെ ബാധിത കുടുംബങ്ങളെ കാണാനും പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്താനുമാണ് ദീപ്കെ കഴിഞ്ഞ ദിവസമെത്തിയത്. എന്നാൽ സ്ഥലത്തെത്താൻ വൈകിയതിൽ ദീപ്കെ മാപ്പ് പറയുന്നതിനിടെ, സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടി പ്രകോപനപരമായി ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. പ്രദേശത്ത് നിർമ്മിച്ച റോഡുകൾ കാണുന്നില്ലേ എന്ന് ചോദിച്ചായിരുന്നു തടസ്സപ്പെടുത്തൽ. സാഹചര്യം വഷളായതോടെ കൂടെയുണ്ടായിരുന്ന പ്രവർത്തകർ ദീപ്കെയെ മറ്റൊരു വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
Also Read: 9/11 ഭീകരാക്രമണത്തിന് മുൻപ് ബിൻ ലാദന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യയും; സി.ഐ.എ രേഖകൾ പുറത്ത്
അതേസമയം, ഉൾനാടൻ ഗ്രാമത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സംഘം എത്തിയത് ദുരൂഹമാണെന്നും സി.ജെ.പി സ്ഥാപകന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ആരെങ്കിലും പ്ലാൻ ചെയ്ത് അയച്ചതാണോ എന്ന് സംശയമുണ്ടെന്നും പ്രാദേശിക മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു. സംഭവത്തിൽ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു.






