ഡൽഹി: ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പിയുടെ പദയാത്രയ്ക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര ആരംഭിച്ചത്. ഹരിയാനയിലെ കർണാലിൽ അമിത് ഷായും, യു.പിയിലെ ഗാസിയാബാദിൽ യോഗി ആദിത്യനാഥും പദയാത്രയ്ക്ക് നേതൃത്വം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കും പദയാത്രയ്ക്കിടെ അമിത് ഷാ മറുപടി നൽകി. ധൈര്യമുണ്ടെങ്കിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കാൻ രാഹുലിനെ അമിത് ഷാ വെല്ലുവിളിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വരാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
Also Read: മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്ക് അവസാനം; ഡൽഹി ജന്തർ മന്തർ റോഡ് തുറന്നു, കനത്ത സുരക്ഷ തുടരുന്നു
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റുള്ള ഒരു സംവാദത്തിൽ പ്രധാനമന്ത്രി ‘ദേശവിരുദ്ധനാണെന്ന്’ തെളിയിക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ഇൻസാഫ് റാലിയിൽ സംസാരിക്കവേ, എൻ.ഡി.എ സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും അമേരിക്കൻ കരാറിനായി ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കിയെന്നും രാഹുൽ ആരോപിച്ചിരുന്നു.






