നടപടി ക്രമങ്ങള്‍ വൈകും; അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം

നടപടി ക്രമങ്ങള്‍ വൈകും; അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം

റിയാദ്: സൗദിയില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം സാധ്യമാകുമെന്ന് നിയമ സഹായ സമിതി അറിയിച്ചു. റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനദ്രവ്യ തുകയായ 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് മോചനം വൈകാന്‍ കാരണമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റഹീമിന്റെ മോചന നടപടികളെല്ലാം സൗദി നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും മറ്റു പല ലക്ഷ്യങ്ങളുമാണുള്ളത്. റഹീം പുറത്തിറങ്ങിയ ശേഷം ഇത്തരം ദുരാരോപണങ്ങള്‍ക്കെതിരെയും ആരോപകര്‍ക്കെതിരെയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. റഹീമിന്റെ ജയില്‍ മോചനമാണ് ഇപ്പോള്‍ സമിതിയുടെ മുന്നിലുള്ളത്. സമിതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. പത്തോളം അക്കൗണ്ടുകള്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്ന് സഹായ സംഖ്യ പിരിച്ചത്. ഇത് ഓഡിറ്റിന് വിധേയമാണ്. സൗദിയില്‍ തുക സമാഹരണം നടക്കാത്തതിനാല്‍ ഇവിടെ അക്കൗണ്ട് തുറക്കേണ്ട ആവശ്യമുണ്ടായില്ല.
മോചനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യന്‍ എംബസിയുടെയും റിയാദ് പൊതുസമൂഹത്തിന്റെയും പൂര്‍ണ പിന്തുണയോടെ കഴിഞ്ഞ 18 വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നില്‍കുമ്പോള്‍ ലോകമാകെയുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ മനുഷ്യസ്നേഹികള്‍ക്കും നന്ദി പറയുകയാണെന്ന് സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Top