ഉത്സവകാലത്ത് യാത്രക്കാരെ ‘പിഴിഞ്ഞ്’ സ്വകാര്യ ബസുകൾ! 5000 വരെ നിരക്ക്, 400 ബസുകൾക്ക് 10.31 ലക്ഷം പിഴ

അധികമായി വാങ്ങിയ പണം തിരിച്ചുനൽകും

ഉത്സവകാലത്ത് യാത്രക്കാരെ ‘പിഴിഞ്ഞ്’ സ്വകാര്യ ബസുകൾ! 5000 വരെ നിരക്ക്, 400 ബസുകൾക്ക് 10.31 ലക്ഷം പിഴ
ഉത്സവകാലത്ത് യാത്രക്കാരെ ‘പിഴിഞ്ഞ്’ സ്വകാര്യ ബസുകൾ! 5000 വരെ നിരക്ക്, 400 ബസുകൾക്ക് 10.31 ലക്ഷം പിഴ

ചെന്നൈ: സാധാരണ ദിവസങ്ങളിൽ 600 മുതൽ 1000 രൂപ വരെ മാത്രം ഈടാക്കിയിരുന്ന യാത്രാനിരക്ക് ഉത്സവകാലത്ത് 5000 രൂപ വരെ ഉയർത്തിയ സ്വകാര്യ ബസുകൾക്കെതിരെ തമിഴ്‌നാട്ടിൽ നടപടി. അമിത നിരക്ക് ഈടാക്കിയ 400 സ്വകാര്യ ബസുകൾക്ക് ആകെ 10.31 ലക്ഷം രൂപ പിഴ ചുമത്തി. വാഹന ഉടമകളോട് വിശദീകരണം തേടി നോട്ടീസും നൽകി. അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാനത്തുടനീളം പ്രത്യേക വാഹനപരിശോധന നടത്തിയത്.

റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരും മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരും അടങ്ങുന്ന പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തിയത്. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സാധാരണ 1000 രൂപയുള്ള ടിക്കറ്റ് 3000 രൂപ വരെയും കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്ക് ചില സ്വകാര്യ ബസുകൾ 5000 രൂപ വരെയും ഈടാക്കിയതായി പരിശോധനയിൽ കണ്ടെത്തി. ഉത്സവ സീസണിൽ സാധാരണ 600 മുതൽ 1000 രൂപ വരെയുള്ള നിരക്കിന് പകരം 3000 മുതൽ 5000 രൂപ വരെ ഈടാക്കിയ സംഭവങ്ങളാണ് കണ്ടെത്തിയത്.

ALSO READ: മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം..! ഒടുവിൽ ആശ്വാസം; ലോഹക്കഷണം തുളഞ്ഞുകയറിയത് 1993ലെ സ്‌ഫോടനത്തിൽ

യാത്രക്കാരിൽ നിന്ന് അധികമായി ഈടാക്കിയ തുക തിരികെ നൽകുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചു. ഇതിനുപുറമെ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന ഇതര സംസ്ഥാന സ്വകാര്യ ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നൽകേണ്ട 15,33,220 രൂപയുടെ നികുതിയും അധികൃതർ പിരിച്ചെടുത്തു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും റോഡ് നികുതി അടയ്ക്കാതെയും സർവീസ് നടത്തിയ നാല് ഇതര സംസ്ഥാന ബസുകളും പിടിച്ചെടുത്തു.

ഉത്സവകാലത്തെ തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾക്ക് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. അമിത നിരക്ക് ഈടാക്കിയ ബസുകൾക്കെതിരായ നടപടിക്കൊപ്പം അധികമായി വാങ്ങിയ തുക യാത്രക്കാർക്ക് തിരിച്ചുനൽകാനുള്ള നീക്കവും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരാനാണ് തീരുമാനം.

Share Email
Top