അഴിമതിരഹിത ഭരണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി അധികാരത്തിലെത്തിയ ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ഇപ്പോൾ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി, ഗുരുതരമായ അഴിമതിക്കേസുകളിൽ പ്രതികളായ ഇതര പാർട്ടി നേതാക്കൾ കൂട്ടത്തോടെ ടി.വി.കെയിലേക്ക് ചേക്കേറുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുകയാണ്. അണ്ണാ ഡി.എം.കെയിൽ നിന്ന് മുൻ മന്ത്രിമാരായ സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ എന്നിവർ പാർട്ടിയിൽ എത്തിയതോടെയാണ് ടി.വി.കെക്ക് അപായ സൈറൺ മുഴങ്ങിയത്.
കോടികളുടെ അഴിമതിയും ഭൂമി കൈയേറ്റവും ഉൾപ്പെടെ സി.ബി.ഐയും വിജിലൻസും അന്വേഷിക്കുന്ന കേസുകളിൽ പ്രതികളാണ് ഇവർ. ഗുഡ്ക കുംഭകോണക്കേസിലും അനധികൃത സ്വത്തു കേസുകളിലും പ്രതിയായ സി. വിജയഭാസ്കറിന്റെ വരവ് പാർട്ടിയുടെ അഴിമതിരഹിത മുഖത്തിന് വലിയ മങ്ങലേൽപ്പിച്ചു. നിലവിൽ ആറ് അണ്ണാ ഡി.എം.കെ എം.എൽ.എമാർ ടി.വി.കെയിൽ എത്തിക്കഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലെ ചെറിയ അഴിമതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനിടെ ഇത്തരക്കാരുടെ വരവ് പ്രവർത്തകർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ:“ഇറച്ചി കഴിച്ചാൽ പണി പാളും”! ഇംഗ്ലണ്ട് താരങ്ങൾക്ക് ഫിഫയുടെ കർശന മുന്നറിയിപ്പ്; കാരണം ഇതാ
234 അംഗ നിയമസഭയിൽ സ്വന്തമായി ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടി.വി.കെയുടെ ശ്രമങ്ങൾ കുതിരക്കച്ചവടമെന്ന ആരോപണത്തിന് വഴിവെച്ചിരിക്കുകയാണ്. ഭാവിയിൽ ഇത്തരം നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ അത് കേന്ദ്രസർക്കാരിന് ടി.വി.കെയെ പ്രതിരോധത്തിലാക്കാൻ അവസരമൊരുക്കും. നിലവിലുള്ള കേസുകൾ ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾക്ക് ഭരണകക്ഷിയെ മുൾമുനയിൽ നിർത്താനാകും. വിജയ് അധികാരമേറ്റപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഇവർക്ക് മുന്നിൽ അപ്രസക്തമാകുമോ എന്ന ഭയം ജനങ്ങൾക്കിടയിലുണ്ട്.
ശുദ്ധമായ രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ പാർട്ടി, അധികാരലഹരിയിൽ തങ്ങളുടെ തത്വങ്ങൾ ബലികഴിക്കുന്നത് വലിയൊരു തെറ്റാണ്. ഇത്തരം അഴിമതിക്കാരായ നേതാക്കൾക്ക് പാർട്ടിയിൽ ഇടം നൽകുന്നത് ഭാവിയിൽ ടി.വി.കെയുടെ അടിവേരറുക്കും. ജനങ്ങളുടെ പണം തൊടില്ലെന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും നിയമസഭയിൽ പ്രസംഗിച്ച മുഖ്യമന്ത്രി വിജയ്, ഇപ്പോൾ തന്റെ പാർട്ടിയിലേക്ക് എത്തുന്ന അഴിമതിക്കാരെ എങ്ങനെ നേരിടുമെന്നത് നിർണ്ണായകമാണ്. അധികാരത്തിന് വേണ്ടി ആദർശങ്ങൾ അടിയറവ് വെച്ചാൽ ചരിത്രം മാപ്പുനൽകില്ല.






