പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളായ അഷിത, അലീന ദിലീപ്, അഞ്ജന എന്നിവരെ കോളേജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. നഴ്‌സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അമ്മു സജീവ് (22) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിലാണ് നടപടി.
സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. അമ്മുവിന്റെ മരണത്തിൽ അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ സജീവന്റെ പരാതി.
Also Read: നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു.
Also Read: ഐടിഐ വിദ്യാർത്ഥിനിയുടെ മരണം ; പ്രതിശ്രുത വരന്‍ പൊലീസ് കസ്റ്റഡിയില്‍
ഡിസംബര്‍ 15നാണ് തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയായ അമ്മു സജീവ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചത്. അമ്മുവിനെ അപായപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സഹപാഠികളായ വിദ്യാര്‍ത്ഥികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ഉള്‍പ്പെടെ ചുമത്തുകയും ചെയ്തിരുന്നു.