‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 സീറ്റ് പോലും നേടില്ല’; നരേന്ദ്ര മോദി

‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 സീറ്റ് പോലും നേടില്ല’; നരേന്ദ്ര മോദി

ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ 50 സീറ്റ് പോലും നേടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 400 സീറ്റിലധികം എന്‍ഡിഎ മുന്നണി നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ഒഡിഷയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാനെ കാട്ടി ഇന്ത്യാക്കാരെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു.

രാജ്യത്തിന്റെ ആത്മവിശ്വാസം കെടുത്താനാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നും ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനെന്നും മോദി പറഞ്ഞു. ബോംബ് വില്‍ക്കാന്‍ നോക്കിയിട്ടും പാക്കിസ്ഥാനില്‍ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും നരേന്ദ്ര മോദി ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാതിരുന്നത്.

Top