കോണ്‍ഗ്രസിന്റെ അജണ്ട കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണ്: പ്രധാനമന്ത്രി

കോണ്‍ഗ്രസിന്റെ അജണ്ട കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണ്: പ്രധാനമന്ത്രി

മുംബൈ: ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രസംഗിക്കുന്നതെന്ന് മോദി പറഞ്ഞു. അവര്‍ ദേശവിരുദ്ധ അജണ്ടകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുരിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്‍.ഡി.എയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോര്‍ഡുമായി എതിരിടാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. അവര്‍ ദേശവിരുദ്ധ അജണ്ടകളും പ്രീണനവും മുന്നോട്ടുവെക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അജണ്ട കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണ്’, മോദി പറഞ്ഞു.

ഇന്ത്യ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകള്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. ഇന്ത്യ സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനുള്ള പടിവാതിലില്‍പോലും എത്താന്‍ കഴിയില്ല. ഒരു വര്‍ഷം, ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ സമവാക്യം. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നാല്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് ഏറെ പ്രിയപ്പെട്ട ഡി.എം.കെ. സനാതനത്തെ അധിക്ഷേപിക്കുകയാണ്. സാനതനം ഡെങ്കിയും മലേറിയയുമാണെന്നാണ് അവര്‍ പറയുന്നത്. വ്യാജ ശിവസേന ഇത്തരക്കാരുടെ തോളോട് തോള്‍ ചേര്‍ന്ന് നടക്കുകയാണ്. എവിടെയായിരുന്നാലും ഇത് കാണുന്ന ബാലാസാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

Top