‘സേനകള്‍ക്ക് സല്യൂട്ട്’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി.

‘സേനകള്‍ക്ക് സല്യൂട്ട്’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
‘സേനകള്‍ക്ക് സല്യൂട്ട്’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി. രാജ്യത്തെ സേനകള്‍ക്ക് സല്യൂട്ട്. പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.

Also Read: ആണവ തന്ത്രം ഇനി നടക്കില്ല; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച് ഇന്ത്യ

സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നു, മോദി പറഞ്ഞു. പഹല്‍ഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അമ്മമാര്‍ക്കും, ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേര്‍ പിടഞ്ഞുവീണ് മരിച്ചത്. മതത്തിന്റെ പേരിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല. അതില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ബവല്‍പൂരിലും, മുരിട്‌കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആ കേന്ദ്രങ്ങള്‍ ഭാരതം ഭസ്മമാക്കി കളഞ്ഞു. ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ് ഇല്ലാതായത്.

നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം ഭീകരര്‍ മായ്ച്ചു. നമ്മള്‍ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകര്‍ത്തിട്ടു. വായുസേന പാകിസ്ഥാന്റെ എയര്‍ ബേസുകള്‍ തകര്‍ത്തു. പാകിസ്ഥാന്‍ ഭയന്ന് ലോകം മുഴുവന്‍ രക്ഷ തേടി. നിവൃത്തിയില്ലാതെ വന്നതോടെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഡിജിഎമ്മിനെയും വിളിച്ചു. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേയെന്ന് കേണപേക്ഷിച്ചു, വെടിനിര്‍ത്തലിന് യാചിച്ചു.

ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂര്‍ണ വിരാമമായെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ബ്ലാക്ക് മെയിലിംഗ് ഇന്ത്യയില്‍ ചെലവാകില്ല. പാകിസ്ഥാന്റെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കും. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകര്‍ക്കുമെന്നും മോദി പറഞ്ഞു.

Share Email
Top