കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു

കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു

കല്‍പറ്റ: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍ വ്യാഴാഴ്ച മാര്‍ക്കറ്റ് വില 36,000 രൂപയിലെത്തി. ഇതിന് ആനുപാതികമായി ഉണ്ടക്കാപ്പിക്കും വിലവര്‍ധനയുണ്ടായിട്ടുണ്ട്. ഉണ്ടക്കാപ്പി ക്വിന്റലിന് കഴിഞ്ഞ ഏപ്രിലില്‍ ശരാശരി 12,100 രൂപവരെ ആയിരുന്നെങ്കില്‍ 20,700 രൂപയാണ് വ്യാഴാഴ്ച ലഭിച്ചത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കാപ്പിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് വിലവര്‍ധനക്ക് കാരണമായി പറയുന്നത്. കര്‍ണാടക കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം കാപ്പി ഉല്‍പാദിപ്പിക്കുന്നത് വയനാട്ടിലാണ്.

ജില്ലയിലെ കാപ്പി ഉല്‍പാദനം പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷം ടണ്ണിന് മുകളിലാണ്. വയനാടന്‍ കാപ്പിക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യക്കാരും ഏറെയാണ്. അതേസമയം, കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം കാരണം ലോകത്ത് കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കുരുമുളക് വിലയിലും മാറ്റം കണ്ടുതുടങ്ങിയത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ മാസം അവസാന വാരം കുരുമുളക് കിലോക്ക് 500 രൂപയില്‍ താഴെയായിരുന്നു വില. എന്നാല്‍, വ്യാഴാഴ്ച 540 രൂപയാണ് വയനാടന്‍ കുരുമുളകിന് ലഭിച്ചത്. കുരുമുളക് ചേട്ടന് 535 രൂപയുണ്ട്.

Top