പ്രീമിയം ഭംഗിയും കരുത്തുറ്റ എൻജിനും; ടെക്റ്റണിലൂടെ വിപണി കീഴടക്കാൻ നിസാൻ

നിസാന്റെ ഐക്കണിക് എസ്‌യുവിയായ 'പട്രോളി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്റ്റണിന്റെ രൂപകൽപന

പ്രീമിയം ഭംഗിയും കരുത്തുറ്റ എൻജിനും; ടെക്റ്റണിലൂടെ വിപണി കീഴടക്കാൻ നിസാൻ
പ്രീമിയം ഭംഗിയും കരുത്തുറ്റ എൻജിനും; ടെക്റ്റണിലൂടെ വിപണി കീഴടക്കാൻ നിസാൻ

ന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. മാഗ്‌നൈറ്റ്, എക്‌സ്-ട്രെയിൽ, ഗ്രാവൈറ്റ് തുടങ്ങിയ മോഡലുകൾക്ക് പിന്നാലെ, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ‘ടെക്റ്റൺ’ കൂടി എത്തുന്നതോടെ തങ്ങളുടെ സ്ഥാനം കൂടുതൽ ഭദ്രമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ജൂലായ് ഒമ്പതിന് വിപണിയിലെത്തുന്ന ഈ വാഹനത്തിന്റെ പുതിയ ടീസർ ചിത്രം നിസാൻ പുറത്തുവിട്ടിട്ടുണ്ട്.

നിസാന്റെ ഐക്കണിക് എസ്‌യുവിയായ ‘പട്രോളി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്റ്റണിന്റെ രൂപകൽപന. ബോണറ്റിലെ വലിയ ടെക്റ്റൺ ബാഡ്ജിങ്, കണക്ടഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ നിന്ന് വശങ്ങളിലേക്ക് നീളുന്ന ചുവപ്പ് സ്ട്രിപ്പുകൾ, സ്‌കിഡ് പ്ലേറ്റ് പതിപ്പിച്ച ബമ്പറുകൾ എന്നിവ ടീസറിൽ വ്യക്തമാണ്. പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഫുൾ-വിഡ്ത്ത് എൽഇഡി ബാറും, സ്പോയിലറും വലിയ അലോയ് വീലുകളും വാഹനത്തിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു. ഇന്റീരിയർ ഫീച്ചറുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

Also Read:മാറ്റങ്ങളോടെ പുത്തൻ തലമുറ ടാറ്റ നെക്സോൺ വരുന്നു; ഡീസൽ എഞ്ചിൻ ഒഴിവായേക്കും

റെനോയുടെ പുതിയ ഡസ്റ്ററിനെ അടിസ്ഥാനമാക്കി, CMF-B പ്ലാറ്റ്‌ഫോമിലാണ് ടെക്റ്റൺ നിർമിച്ചിരിക്കുന്നത്. ഡസ്റ്ററിൽ ഉപയോഗിക്കുന്ന അതേ മെക്കാനിക്കൽ സംവിധാനങ്ങൾ പങ്കിടുന്നുണ്ടെങ്കിലും, ഡിസൈനിൽ തികച്ചും വ്യത്യസ്തമായ ശൈലിയാണ് നിസാൻ സ്വീകരിച്ചിരിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ ‘ശില്പി’ എന്ന് അർത്ഥം വരുന്ന ടെക്റ്റണിൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (100 ബിഎച്ച്പി), 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (163 ബിഎച്ച്പി) എന്നീ ഓപ്ഷനുകൾ ലഭ്യമാകാനാണ് സാധ്യത. വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പ് പിന്നീട് വിപണിയിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Share Email
Top