ഡല്‍ഹി: പഞ്ചാബ് കിങ്സ് സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ തന്റെ സഹ ഡയറക്ടര്‍മാരായ മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചു. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമസ്ഥരായ കെപിഎച്ച് ക്രിക്കറ്റ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരാണ് മൂവരും.
ഏപ്രില്‍ 21-ന് നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തര്‍ക്കമാണ് കോടതിയിലെത്തിയിരിക്കുന്നത്. കമ്പനി നിയമങ്ങളും മറ്റു നപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേര്‍ന്നതെന്നാണ് പ്രീതി സിന്റ ആരോപിക്കുന്നത്.
ഏപ്രില്‍ 10-ന് ഒരു ഇമെയില്‍ വഴി യോഗത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ അവഗണിക്കപ്പെട്ടു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ട് പോയതായും അവര്‍ ആരോപിക്കുന്നു.
Also Read: മത്സരത്തിനിടെയുള്ള നോട്ടെഴുത്ത്, വൈഭവിന്റെ ഹോം വർക്കെന്ന് ട്രോളുകൾ; രഹസ്യം തുറന്ന് പറഞ്ഞ് ദ്രാവിഡ്
സിന്റയും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും യോഗത്തില്‍ പങ്കെടുത്തുവെങ്കിലും, അത് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ വെച്ച് മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിര്‍പ്പുകള്‍ക്കിടയാക്കിയത്. കരണ്‍ പോളും പ്രീതി സിന്റയും ഈ നീക്കത്തിന് എതിരാണ്.
ഖന്ന ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് തടയണം, ആ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കമ്പനി നടപ്പാക്കുന്നത് തടയണമെന്നും സിന്റ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് തീര്‍പ്പാകുന്നതുവരെ കമ്പനി ബോര്‍ഡ് യോഗങ്ങള്‍ നടത്തുന്നത് തടയാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ടീം ഉടമകള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്കിടയിലും പഞ്ചാബ് കിങ്സ് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രീതി സിന്റ സജീവമായി തന്നെ ടീമിനെ പിന്തുണയ്ക്കാന്‍ സ്റ്റേഡിയത്തിലെത്തുന്നുമുണ്ട്. ഇതിനോടകംതന്നെ പ്ലേ ഓഫ് ഉറപ്പാക്കിയ പഞ്ചാബിന് ഇനി രണ്ട് ഒന്നാംറൗണ്ട് മത്സരങ്ങള്‍കൂടി ബാക്കിയുണ്ട്.