മാസത്തിലൊരിക്കൽ എസ്.ഐ.പി. ചെയ്യുന്നതിന് പകരം ദിവസവും നിക്ഷേപിച്ചാൽ കൂടുതൽ ലാഭം കിട്ടുമോ എന്നത് പല നിക്ഷേപകരുടെയും സംശയമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാൻ ദിവസേനയുള്ള നിക്ഷേപങ്ങൾക്ക് സാധിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, എസ്.ഐ.പി.യുടെ ഇടവേളകൾക്ക് വലിയ പ്രാധാന്യമില്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എത്ര ഇടവേളകളിൽ നിക്ഷേപിക്കുന്നു എന്നതിനല്ല, മറിച്ച് നിക്ഷേപത്തിൽ എത്രത്തോളം കൃത്യതയോടെ തുടരുന്നു എന്നതിനാണ് കാര്യം.
വൈറ്റ്ഓക്ക് ക്യാപിറ്റൽ പഠനം പറയുന്നത് എന്ത്?
ബി.എസ്.ഇ. സെൻസെക്സ് ടോട്ടൽ റിട്ടേൺ ഇൻഡക്സിനെ അടിസ്ഥാനമാക്കി വൈറ്റ്ഓക്ക് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ട് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. 1996 ഓഗസ്റ്റ് മുതൽ 2026 ജൂൺ വരെയുള്ള എസ്.ഐ.പി. നിക്ഷേപങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപങ്ങളിൽ ഒരേ തുക തന്നെയാണ് നിക്ഷേപിച്ചതെന്ന് ഉറപ്പുവരുത്തിയിരുന്നു.
പഠന റിപ്പോർട്ട് അനുസരിച്ച്, പ്രതിദിന, പ്രതിവാര എസ്.ഐ.പികളിലൂടെ ലഭിച്ച തുക 12.33 കോടി രൂപയാണെങ്കിൽ, പ്രതിമാസ എസ്.ഐ.പിയിലൂടെ ലഭിച്ചത് 12.45 കോടി രൂപയാണ്. ഈ മൂന്ന് രീതികളിലും ലഭിച്ച വാർഷിക റിട്ടേൺ 13.47 ശതമാനമാണ്. അതായത്, മാസത്തിൽ ഒരിക്കൽ നിക്ഷേപിക്കുന്നതിനേക്കാൾ വലിയൊരു നേട്ടം ദിവസവും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നില്ലെന്ന് വ്യക്തം. അതിനാൽ ഏത് ദിവസമാണ് നിക്ഷേപിക്കുന്നത് എന്നതിനേക്കാൾ എത്ര വർഷം നിക്ഷേപം തുടരുന്നു എന്നതിനാണ് കൂടുതൽ പ്രാധാന്യം.
Also Read:സ്വർണവില സർവകാല റെക്കോർഡിലേക്ക്; പവന് ഒറ്റയടിക്ക് കൂടിയത് 2,120 രൂപ!
ഏത് എസ്.ഐ.പി. തിരഞ്ഞെടുക്കണം?
നിക്ഷേപകരുടെ സൗകര്യത്തിന് അനുസരിച്ചുള്ള രീതി തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ശമ്പളക്കാർക്ക് മാസത്തിൽ ശമ്പളം അക്കൗണ്ടിൽ എത്തുന്നതിനനുസരിച്ച് മന്ത്ലി എസ്.ഐ.പി. ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദം. എന്നാൽ സ്ഥിരവരുമാനമില്ലാത്ത ഫ്രീലാർസർമാർക്കോ ബിസിനസുകാർക്കോ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീക്ക്‌ലി അല്ലെങ്കിൽ ഡെയ്‌ലി എസ്.ഐ.പികൾ തിരഞ്ഞെടുക്കാം. ചുരുക്കത്തിൽ, സമ്പത്ത് വർധിപ്പിക്കുന്നത് നിക്ഷേപത്തിന്റെ ഇടവേളകളല്ല, മറിച്ച് നിക്ഷേപത്തിലെ കൃത്യതയും ദീർഘകാല കാത്തിരിപ്പുമാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






