ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) ഉപദേശക സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപക പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ ഉപദേഷ്ടാവായി തുടരാനാകില്ലെന്നും താല്‍ക്കാലികമായ ഇടവേളയെടുക്കുകയാണെന്നുമാണു വിശദീകരണം. ഈ സ്ഥാനത്തു തിരിച്ചെത്തുന്ന കാര്യത്തില്‍ നവംബറിനു ശേഷം തീരുമാനമെടുക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നു പ്രചാരണമുണ്ട്. പാര്‍ട്ടിയുടെ ചില സുപ്രധാന പരിപാടികളില്‍ പ്രശാന്ത് കിഷോര്‍ പങ്കെടുക്കാത്തതു ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. നേതൃത്വവുമായി അകന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ചില നേതാക്കള്‍ അവര്‍ക്കു താല്‍പര്യമുള്ളവരെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തിക്കുകയാണെന്നും ഇതില്‍ പ്രശാന്ത് കിഷോര്‍ അതൃപ്തനായിരുന്നെന്നു പറയപ്പെടുന്നു.