നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ചാണ് പ്രഗ്നാനന്ദ കരുത്ത് തെളിയിച്ചത്. ടൂർണമെന്റിന്റെ എട്ടാം റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ച ഇരുപതുകാരനായ പ്രഗ്നാനന്ദ, ക്ലാസിക്കൽ ചെസ്സിലാണ് കാൾസനെതിരെ മിന്നും വിജയം സ്വന്തമാക്കിയത്.
ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ടുതവണ പരാജയപ്പെടുത്തുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ പ്രഗ്നാനന്ദ സ്വന്തമാക്കി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ച് കാൾസൻ നേരിട്ട ഈ തോൽവി അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്. കളി കൈവിട്ടെന്ന് ഉറപ്പായതോടെ നിരാശയോടെ തലയാട്ടി പ്രഗ്നാനന്ദയ്ക്ക് കൈകൊടുത്ത് കാൾസൻ വേദി വിടുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Also Read:48 ടീമുകൾ, 104 പോരാട്ടങ്ങൾ; ഫിഫ ലോകകപ്പ് 2026-ലെ ആവേശം വാനോളം!
ഈ ജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. ടൂർണമെന്റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ, കിരീടപ്രതീക്ഷകൾ താരം സജീവമാക്കിയിരിക്കുകയാണ്. ഒരേ ടൂർണമെന്റിൽ കാൾസനെതിരെ രണ്ട് ക്ലാസിക്കൽ വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. ടൂർണമെന്റിൽ കാൾസൻ നേരിടുന്ന നാലാമത്തെ ക്ലാസിക്കൽ തോൽവിയാണിത്; ഇതിൽ രണ്ടെണ്ണവും പ്രഗ്നാനന്ദയ്ക്ക് മുന്നിലായിരുന്നു എന്നത് താരത്തിന്റെ അപ്രമാദിത്വം വിളിച്ചോതുന്നു. ഈ തോൽവിയോടെ നിലവിലെ ചാമ്പ്യനായ കാൾസന്റെ കിരീടം നിലനിർത്താനുള്ള സാധ്യതകൾ മങ്ങുകയും ചെയ്തു.
അതേസമയം, നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷിന് ടൂർണമെന്റ് നിരാശാജനകമായി മാറി. ഫ്രാൻസിന്റെ അലിരേസ ഫിരൂസ്ജയോട് പരാജയപ്പെട്ടതോടെ ഗുകേഷ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. ടൂർണമെന്റിലെ ഗുകേഷിന്റെ മൂന്നാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. എട്ട് പോയിന്റിൽ നിൽക്കുന്ന ഗുകേഷിന് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാൽ പോലും പരമാവധി 14 പോയിന്റിൽ മാത്രമേ എത്താനാകൂ എന്നതിനാൽ പ്രതീക്ഷകൾ അവസാനിച്ചു. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയാണ് 14 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. അലിരേസ ഫിരൂസ്ജ 13 പോയിന്റുമായി രണ്ടാമതുണ്ട്.






