വടകരയില്‍ കോ-ലീ-ബി സാധ്യത തുറന്നു പറഞ്ഞ് പി.പി ദിവ്യ, പാലക്കാട് ഒരു ‘കൈ’ സഹായ വാഗ്ദാനമാകും പ്രത്യുപകാരം !

വടകരയില്‍ കോ-ലീ-ബി സാധ്യത തുറന്നു പറഞ്ഞ് പി.പി ദിവ്യ, പാലക്കാട് ഒരു ‘കൈ’ സഹായ വാഗ്ദാനമാകും പ്രത്യുപകാരം !

ടകരയില്‍ കോ-ലീ ബി സഖ്യത്തിനുള്ള സാധ്യത കാണുന്നുണ്ടെന്ന് സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് പാലക്കാട്ട് നിന്നും ഷാഫി പറമ്പില്‍ വിജയിച്ചിരുന്നത്.

ബി.ജെ.പി രണ്ടാമതെത്തിയ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍, കോണ്‍ഗ്രസ്സ് ബി.ജെ.പിയെ സഹായിക്കുമെന്ന ഉറപ്പിന്‍മേല്‍ വടകരയില്‍ അവിശുദ്ധ സഖ്യ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലന്നും ദിവ്യ ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളിലെ വിജയസാധ്യത എത്രത്തോളമാണ്?

വടക്കേ മലബാറിലെ മൂന്ന് മണ്ഡലങ്ങളും ഇപ്രാവശ്യം ഇടതുപക്ഷത്തോടൊപ്പം ഉണ്ടാവും അതില്‍ യാതൊരു സംശയവുമില്ല. കാരണം ഒന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം,ആ അഞ്ചുവര്‍ഷം മാത്രമല്ല പൊതുവെ യുഡിഎഫിന്റെ എംപിമാര്‍ വന്നതിനുശേഷം ഈ മൂന്ന് മണ്ഡലങ്ങളിലും നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും അതിനുമുമ്പ് എല്‍ഡിഎഫിന്റെ എംപിമാര്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളും തമ്മില്‍ ജനങ്ങള്‍ ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ ശ്രീമതി ടീച്ചര്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ ഏഴയലത്ത് എത്താന്‍ കെ സുധാകരന് കഴിഞ്ഞിട്ടില്ല. അതോടൊപ്പം തന്നെയാണ് ഇവിടെ പി കരുണാകരന്‍ എംപി നടത്തിയ പ്രവര്‍ത്തനങ്ങള്‍. അതിന്റെ അടുത്തെത്താന്‍ പോലും ഉണ്ണിത്താന് കഴിഞ്ഞിട്ടില്ല. കേരളം ആഗ്രഹിക്കുന്ന ജനങ്ങളുടെ കൂടെ എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ജനപ്രതിനിധിയാണ് ശൈലജ ടീച്ചര്‍. അതുകൊണ്ട് ഈ മൂന്ന് സ്ഥലങ്ങളിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെയാണ് ജനങ്ങള്‍ക്ക് വിശ്വാസത്തില്‍ എടുക്കാന്‍ സാധിക്കുന്നത്. മറ്റു പാര്‍ട്ടികള്‍, യുഡിഎഫിന്റെ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ ആയിട്ടുള്ള പലരും തന്നെ നാളെ ചിലപ്പോള്‍ കോണ്‍ഗ്രസില്‍ ഉണ്ടാവും എന്ന കാര്യത്തില്‍ പോലും ഒരു ഗ്യാരണ്ടിയുമില്ല. അതുകൊണ്ടുതന്നെയാണ് പൊതുവേ ഇന്നത്തെ ഒരു സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ് മൂന്ന് മണ്ഡലങ്ങളും ഇടതുപക്ഷം ജയിക്കും.

ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ നിലപാട് ആര്‍ക്ക് അനുകൂലമാകും ?

ഇടതുപക്ഷത്തോടൊപ്പമാണ് സ്ത്രീകള്‍. അതിന് രണ്ടുമൂന്നു കാരണങ്ങളുണ്ട് ഒന്ന് ബിജെപി ഗവണ്‍മെന്റിന് എതിരായിട്ടുള്ള ഒരു വിധിയെഴുത്തില്‍ സ്ത്രീകള്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഈ കഴിഞ്ഞ 10 വര്‍ഷക്കാലത്തിനുള്ളില്‍ ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത ഒരു രാജ്യം ഉണ്ടെങ്കില്‍ അത് ഇന്ത്യയാണ് എന്ന് തെളിയിച്ചു കഴിഞ്ഞു നരേന്ദ്രമോദിയുടെ സര്‍ക്കാര്‍. മണിപ്പൂരില്‍ നടന്ന വളരെ ദയനീയമായ സംഭവമാണ് സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്നു, പൂര്‍ണ്ണ നഗ്‌നയായി നടത്തുന്നു, ഇത്തരം ദൃശ്യങ്ങള്‍ ഒന്നും ഒരിക്കലും ഒരു സ്വതന്ത്ര ഭാരതത്തില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല. അതെല്ലാം നമ്മള്‍ കണ്ടു. അതുകൂടാതെ നമ്മുടെ ജീവിതം പല സ്ത്രീകളും പറയുന്നുണ്ട് പാചകവാതത്തിനൊക്കെ നേരത്തെ 400 രൂപയാണ് കൊടുത്തിരുന്നത് ഇപ്പോള്‍ 1200 രൂപ വരെ നമ്മള്‍ കൊടുക്കേണ്ട അവസ്ഥ വന്നു. ജീവിതം വലിയ ബുദ്ധിമുട്ടിലേക്ക് എത്തുന്ന സാഹചര്യമാണ്. എല്ലാംകൊണ്ടും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല, ജീവിക്കാന്‍ വേണ്ടിയുള്ള സാഹചര്യമില്ല. മധ്യപ്രദേശിലൊക്കെ നമ്മള്‍ കണ്ടു, അവിടെ ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്നു എന്ന ബോര്‍ഡ് വെച്ചിട്ടാണ് പലരും ജീവിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായിട്ടുള്ള വോട്ടാണ് സ്ത്രീകളുടേത്. മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പിന് വേദനം കൂട്ടിയപ്പോള്‍ ഇവിടെ ചെറിയ ശതമാനം മാത്രമാണ് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടുള്ളത്. അതുകൊണ്ട് സ്ത്രീകള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് കരുതുന്നത്.

കേരള സ്റ്റോറി സിനിമാ വിവാദത്തില്‍ എന്താണ് പ്രതികരണം ?

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സ്റ്റോറി അതല്ല. കഴിഞ്ഞ ദിവസം കണ്ടില്ലേ, ഇസ്ലാം മതവിശ്വാസിയായ ഒരു മനുഷ്യനുവേണ്ടി നാടാകെ ഒന്നിച്ച് 34 കോടി രൂപ സമാഹരിക്കാന്‍ തയ്യാറായി. അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. കേരളത്തിലാണ് ജാതി വ്യത്യാസമന്യേ വിവാഹങ്ങള്‍, ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, പ്രണയങ്ങള്‍ എല്ലാം ഉള്ളത് കേരളത്തില്‍ തന്നെയാണ്. പക്ഷേ അതിലെ മറ്റൊരു തരത്തില്‍ വക്രീകരിച്ചുകൊണ്ട് ഏതെങ്കിലും ഒന്നോ രണ്ടോ സംഭവങ്ങളെ കാണിച്ച് ഇതാണ് കേരളം എന്ന് കാണിച്ചുകൊണ്ട് ഒരു ഭീതി നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിന്റെ സ്റ്റോറി അതല്ല. പ്രളയം വന്ന സമയത്ത് പള്ളിക്ക് അകത്ത് എല്ലാ ജാതിയിലും മതത്തിലുംപ്പെട്ട ആളുകള്‍ ഇരുന്നിട്ടുണ്ട്. ദൈവം ഇറങ്ങി പോയിട്ടില്ലല്ലോ ? അമ്പലത്തില്‍ നിസ്‌കരിച്ചിട്ടുണ്ട്. അമ്പലത്തില്‍നിന്ന് ദൈവം ഇറങ്ങിപ്പോയോ ? ഇല്ല. മതമോ വിശ്വാസമോ എന്നല്ല, അതിന്റെ പേരില്‍ മുതലെടുക്കുന്ന ചിലരുണ്ട്. അത് ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ആവാം. അവരാണ് നമ്മുടെ നാടിനെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ള വലിയ ശ്രമങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് കേരള സ്റ്റോറി എന്ന പേരില്‍ കേരളത്തെ ലോകത്തിന്റെ മുമ്പില്‍ അപമാനിക്കുന്നതിന് വേണ്ടിയിട്ടുള്ള ശ്രമം നടത്തിയത്.

മോദി തന്നെ പറഞ്ഞിട്ടുണ്ട്, അടുത്ത ടാര്‍ഗറ്റ് കേരളമാണെന്ന് , ഇതേകുറിച്ച് എന്താണ് പറയാനുള്ളത് ?

അദ്ദേഹത്തിന്റെ പുരുഷായുസില്‍ ടാര്‍ഗറ്റ് ചെയ്യാന്‍ പറ്റും എന്ന വിശ്വാസം എനിക്കില്ല. അതിന്റെ കാരണം കേരളം മറ്റു സംസ്ഥാനം പോലെയല്ല. കേരളത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളാണുള്ളത്. മതേതരമായി ചിന്താഗതിയുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അതിലെല്ലാമുപരിയായി ഏറ്റവും അധികം വിദ്യാസമ്പന്നരായിട്ടുള്ള ജനങ്ങള്‍ ഉള്ളത് നമ്മുടെ മണ്ണിലാണ്. വര്‍ഗീയമായി ചിന്തിക്കുന്നതിന് ഒരുപക്ഷേ പ്രതിരോധമായി നില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസവും നമ്മുടെ അനുഭവങ്ങളുടെ പരിചയവുമാണ്. ഇത്രയധികം ഗ്രന്ഥാലയങ്ങളുള്ള ഒരു സംസ്ഥാനം നമുക്ക് വേറെ കാണാന്‍ പറ്റുമോ ? നന്നായി വായിക്കുന്നവര്‍, നന്നായി ചിന്തിക്കുന്നവര്‍, നന്നായി എഴുതുന്നവര്‍ അതിലെല്ലാം ഉപരിയായിട്ട് ഏത് തലമുറയ്ക്കും നല്ല വിദ്യാഭ്യാസമുണ്ട്. നരേന്ദ്ര മോദി എങ്ങനെയാണ് ജനങ്ങളെ സമീപിക്കുന്നത് ? നരേന്ദ്ര മോദി ജനങ്ങള്‍ സമീപിക്കുന്നത് വര്‍ഗ്ഗീയത പറഞ്ഞിട്ടാണ്. അങ്ങനെ വര്‍ഗീയത പറഞ്ഞു ജനങ്ങളെ കയ്യിലെടുത്തുകൊണ്ട് ഏതെങ്കിലും ഘട്ടത്തില്‍ ഒരിക്കല്‍ പോലും കേരളത്തിലെ ജനങ്ങളെ വിലക്കിയെടുക്കാന്‍ ബിജെപി ഗവണ്‍മെന്റിന് സാധിക്കില്ല, അതുറപ്പാണ്.

ബി.ജെ.പിക്ക് കേരളത്തില്‍ വളര്‍ച്ച സാധ്യമാകാത്തത് എന്തുകൊണ്ടാണെന്നാണ് വിലയിരുത്തുന്നത് ?

ബിജെപി നേരത്തെ നിയമസഭയില്‍ ഒരു അക്കൗണ്ട് തുറന്നിരുന്നല്ലോ. അത് കോണ്‍ഗ്രസിന്റെ സഹായത്താലാണ്. 20 സീറ്റില്‍ പല സീറ്റുകളും ഞങ്ങള്‍ നേടും എന്ന് പറഞ്ഞു. പക്ഷെ അത് നേടാന്‍ പോകുന്നില്ലെന്ന് നമുക്കറിയാം. ഒരിക്കലും ബിജെപി എന്നുപറയുന്ന വര്‍ഗീയ പാര്‍ട്ടിയെ സ്വീകരിക്കാന്‍ മാത്രമുള്ള വിവരക്കേട് കേരളീയര്‍ക്കില്ല. ബിജെപിയാണോ പറമ്പില്‍ കയറ്റാന്‍ കൊള്ളില്ല എന്നാണ് നമ്മുടെ നാട്ടില്‍ പലരും ചിന്തിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. ഇത്രയേറെ ജനങ്ങളെ പറഞ്ഞ് പറ്റിച്ചിട്ടുള്ള ഒരു രഷ്ട്രീയ പാര്‍ട്ടി, 15 ലക്ഷം തരാമെന്ന് പറഞ്ഞു പാചക വടകം വിലകുറക്കാമെന്ന് പറഞ്ഞു, പെട്രോള്‍, ഡീസല്‍ വിലകുറക്കാമെന്ന് പറഞ്ഞു,ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു, കഴിഞ്ഞ 10 വര്‍ഷക്കാലമായിട്ട് ഒരു കാര്യവും നടത്തിയിട്ടില്ല. ഭരണരംഗത്തെങ്കിലും മികവ് കാണിക്കണ്ടേ? ജീവിതത്തെ കാവിവത്കരിക്കുന്നതിനുവേണ്ടിയുള്ള നല്ല ശ്രമവും അവര്‍ നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, ഇതിഹാസങ്ങളും പുരാണങ്ങളും യാഥാര്‍ത്ഥ്യമാണ് എന്ന രീതിയിലേക്ക് പഠിപ്പിക്കാന്‍ വേണ്ടി. ഇത് ഉള്‍ക്കൊള്ളാന്‍ നമ്മുടെ കേരളീയ സമൂഹത്തിന് എന്തായാലും പറ്റില്ല അതുകൊണ്ടുതന്നെ ഏതു ഗ്യാരണ്ടി നമ്മുടെ മുമ്പില്‍ വെച്ചാലും അതില്‍ വിശ്വസിക്കാന്‍ ഒരിക്കലും മലയാളികള്‍ തയ്യാറാവില്ല.

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയതില്‍ എന്താണ് പ്രതികരണം ?

കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ മക്കള്‍ക്ക് നല്‍കുന്നത് രാഷ്ട്രീയമല്ല. മറിച്ച് അവര്‍ക്ക് നല്‍കുന്നത് അധികാരത്തെക്കുറിച്ചുള്ള ചിന്തയാണ്. രാഷ്ട്രീയമുള്ള മക്കളാണെങ്കില്‍ രാഷ്ട്രീയം വിട്ട് പോകില്ലല്ലോ. അധികാരമില്ലാത്തതുകൊണ്ടാണ് പത്മജ ബിജെപിയിലേക്ക് പോയത്. അധികാരമാണ് അവര്‍ക്ക് മുഖ്യം. രാഷ്ട്രീയമല്ല. കെ കരുണാകരന് തന്റെ മക്കളെ രാഷ്ട്രീയവത്കരിക്കാന്‍ സാധിച്ചില്ല എന്നതിന്റെ ഭാഗമായാണ് പത്മജ ബിജെപിയിലേക്ക് പോയത്. യൂത്ത് കോണ്‍ഗ്രസ്സുകാരായ ചിലര്‍ക്ക് അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്തുവച്ചാണ് ബിജെപി മെമ്പര്‍ഷിപ് കൊടുക്കുന്നത്. അവരുടെ മനസ്സ് എത്രത്തോളം മോശമായെന്ന് ചിന്തിച്ച് നോക്കൂ. രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടിയും നാടിന് വേണ്ടിയും ജീവിതം മാറ്റിവെച്ച ഒരു നേതാവിന്റെ മകള്‍ കൂടിയാണവര്‍. അവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു ഇത് പക്ഷേ അധികാരത്തിന് വേണ്ടിയിട്ട് എന്തും ചെയ്യും എന്ന നിലയിലേക്ക് കോണ്‍ഗ്രസിലെ നേതാക്കന്മാരും അവരുടെ മക്കളും എത്തിയിരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ വര്‍ത്തമാനം.

എ.കെ ആന്റണി മകനെയും മകന്‍ അപ്പനെയും തള്ളിപ്പറഞ്ഞത് നാടകമാണെന്ന് തോന്നുന്നുണ്ടോ ?

കോണ്‍ഗ്രസിന്റെ പല നേതാക്കന്മാരും ചെയ്യുന്ന ഒരു കാര്യം നേതാക്കന്മാര്‍ നേരിട്ട് പോകുകയല്ല ഒന്നുകില്‍ അവരുടെ അടുത്ത അനുയായിയെ ആദ്യം ബിജെപിയിലേക്ക് പറഞ്ഞുവിടും. കണ്ണൂരില്‍ തന്നെ മത്സരിക്കുന്ന കെ സുധാകരന്റെ ഏറ്റവും പ്രധാനപ്പെട്ട അനുയായിയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി. അതുപോലെ തന്നെയാണ് മക്കളെ വിട്ടിട്ടാണ് രക്ഷിതാക്കള്‍ പോകുന്നത്. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുണ്ട്. സിപിഎമ്മിനെ സംബന്ധിച്ച് ഇഡിയെയോ ഏജന്‍സികളേയോ ഒന്നും ഞങ്ങള്‍ക്ക് ഭയമില്ല.പക്ഷെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഭയമാണ്. അതിന് കാരണം മടിയില്‍ കനം ഉണ്ട് എന്നുള്ളത് കൊണ്ടാണ്. അങ്ങനെ അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അവര്‍ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരിക്കലും തങ്ങള്‍ കൂടി ജയിലിലേക്ക് പോകാന്‍ പാടില്ല എന്നുള്ളതുകൊണ്ട് മക്കളെ ആദ്യം അയക്കുന്നത്. സേഫ് ആണെങ്കില്‍ പിന്നീട് ഞാനും പോകാം. യഥാര്‍ത്ഥത്തില്‍ ആന്റണിയും മകനും നടത്തുന്നത് നാടകമാണ്. അത് മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ദൂരം കുറഞ്ഞു വരുന്നതെന്തുകൊണ്ടാണ് ?

കോണ്‍ഗ്രസിന് അടിത്തറ രാജ്യത്ത് തന്നെ ഇല്ലാതായല്ലോ, കോണ്‍ഗ്രസിന് ശക്തമായ ദേശീയ നേതൃത്വമില്ല. നിലപാടുകള്‍ ഉയര്‍ത്തിപിടിക്കാനായി രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. എന്താണോ ബിജെപി നേതാക്കള്‍ ചെയ്യുന്നത് അത് അനുകരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. 400 സീറ്റിലധികം ഇന്ത്യയില്‍ നേടിയ പ്രസ്ഥാനമാണിത്. അവര്‍ക്കിപ്പോ 20 സീറ്റുപോലും രാജ്യത്ത് ലഭിക്കുന്നില്ലായെന്നതിന്റെ പ്രധാനകാരണം അവര്‍ക്ക് നല്ല നേതൃത്വവും നിലപാടും ഇല്ല എന്നതാണ്. അതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസ് നശിക്കുമ്പോള്‍ അതങ്ങനെ പോട്ടെയെന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് മറിച്ച് കോണ്‍ഗ്രസ് അങ്ങനെ നശിക്കാന്‍ പാടില്ല. പക്ഷെ എന്തുചെയ്യാം , ഇന്നത്തെ കോണ്‍ഗ്രസിന്റെ നേതൃത്വം നാളെ ബിജെപിയിലേക്ക് പോകുന്നതിനായി അവര്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ 12 മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിയിലേക്ക് പോയിക്കഴിഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ച് നമ്മുടെ നാടിന്റെ മതേതരമായ ഒരു മുന്നണിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട നിലപാട് ഇതല്ല. നിലപാടില്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്.

വടകരയിലും കണ്ണൂരിലും കോ-ലീ ബി സഖ്യത്തിന് സാധ്യത കാണുന്നുണ്ടോ ?

സംശയിക്കുന്നുണ്ട്. കാരണം ഷാഫി പറമ്പില്‍ വാടകരയിലേക്ക് വരുന്നു. ഷാഫി പറമ്പില്‍ ജയിച്ചത് തന്നെ പാലക്കാട് മൂവായിരത്തിലധികം വോട്ടിനുമാത്രമാണ്. അവിടെ ബിജെപിയുടെ സഹായം വടകരയില്‍ കൊടുത്താല്‍ രണ്ടാമതാണല്ലോ ഷാഫി പറമ്പിലിന്റെ മണ്ഡലത്തില്‍ ബിജെപിയുള്ളത്. ബിജെപിക്ക് തിരിച്ച് അങ്ങോട്ട് സഹായിക്കാം. കാണാനൊരു ധാരണ ഉണ്ടായേക്കാം. കണ്ണൂരില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ബന്ധമുണ്ട്. അത് നേരത്തെ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആര്‍എസ്എസിന്റെ ശാഖയ്ക്ക് കാവല്‍ നിന്നയാള്‍ മത്സരിക്കുമ്പോള്‍ അവരെ സഹായിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണല്ലോ? ബിജെപിയും കോണ്‍ഗ്രസ്സും ഒരുമിച്ച് നിന്നുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അവര്‍ നേരിടുക. ഞങ്ങള്‍ അതിനെ ഭയക്കുന്നില്ല. മൂന്നുപേരും ഒരുമിച്ച് നിന്നാലും ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ്. അതുകൊണ്ട് ഞങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കും.

വടകരയില്‍ ശൈലജ ടീച്ചര്‍ക്ക് എതിരെ , ഷാഫി പറമ്പലിനെ യു.ഡി.എഫ് ഇറക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന് തോന്നുന്നുണ്ടോ ?

എനിക്കറിയില്ല. എന്തുകൊണ്ടാണ് ഷാഫി പറമ്പിലിനെ വടകര സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത് എന്ന് പോലും ഇപ്പോഴും ദുരൂഹമായ ഒന്നാണ്. മത ന്യൂനപക്ഷങ്ങളുടെ വോട്ട് എന്നുള്ളതല്ല, ജനാധിപത്യവും മതേതരത്വവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഘപ്പെടുത്തുന്നത് വളരെ ആശങ്കയോടുകൂടിയാണ്. ഷാഫി പറമ്പിലിന് ന്യൂനപക്ഷ വോട്ട് കിട്ടില്ല. കാരണം യുഡിഎഫിന്റെ പ്രകടനപത്രിക നമ്മള്‍ കണ്ടല്ലോ. പൗരത്വ ഭേദഗതിയെ സംബന്ധിച്ച് എന്താണ് അവര്‍ എഴുതിയിരിക്കുന്നത് ? നിലപാടില്ലല്ലോ, പിന്നെങ്ങനെയാണ് ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടുക. അത് ഷാഫിക്ക് മാത്രമല്ല കേരളത്തില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ 20 സ്ഥാനാര്‍ത്ഥികള്‍ക്കും ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്യില്ല. കാരണം അവരുടെ നിലനില്‍പ്പ് ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു വിഷയത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടും. ന്യൂനപക്ഷങ്ങള്‍ 20 മണ്ഡലങ്ങളിലും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട ശത്രു ആരാണ് ?

ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട ശത്രു എന്ന് പറയുന്നത് വര്‍ഗീയമായി ചിന്തിക്കുന്ന വര്‍ഗീയമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടികള്‍ ഏതാണോ അത് തന്നെയാണ് നമ്മുടെ മുഖ്യശത്രു. ആ മുഖ്യശത്രുവിനെ നേരിടാന്‍ വേണ്ടി മറ്റു മതേതര ചിന്താഗതിയുള്ള എല്ലാവരുമായി നമ്മള്‍ സഖ്യമായിരിക്കും. അവിടെയാണ് ഇന്ത്യ മുന്നണിയൊക്കെ വരുന്നത്. ഇന്ത്യ മുന്നണിയില്‍ തന്നെയുള്ള പല രാഷ്ട്രീയപാര്‍ട്ടികളുടെയും പല നിലപാടിനോട് നമുക്ക് യോജിപ്പുണ്ടല്ലോ. പക്ഷേ നമ്മളെല്ലാം ഒറ്റക്കെട്ടായി ഈ സമയത്ത് നില്‍ക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് ഇനി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ രാജ്യം ഭരിക്കാന്‍ പാടില്ല. അതിനെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നുള്ളതുകൊണ്ടാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top