രാത്രിയിലെ പവർകട്ട് ഒഴിവാക്കാൻ 30 രൂപയ്ക്കും വൈദ്യുതി വാങ്ങും..! കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഉത്തരേന്ത്യയിലേക്ക്

ഉയർന്ന വില നൽകേണ്ടിവന്നാലും ആവശ്യത്തിന് വൈദ്യുതി കണ്ടെത്തി നിയന്ത്രണം ഒഴിവാക്കുകയെന്നതാണ് ഇപ്പോഴത്തെ നീക്കം

രാത്രിയിലെ പവർകട്ട് ഒഴിവാക്കാൻ 30 രൂപയ്ക്കും വൈദ്യുതി വാങ്ങും..! കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഉത്തരേന്ത്യയിലേക്ക്
രാത്രിയിലെ പവർകട്ട് ഒഴിവാക്കാൻ 30 രൂപയ്ക്കും വൈദ്യുതി വാങ്ങും..! കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ യൂണിറ്റിന് 30 രൂപവരെ നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി. തിങ്കളാഴ്ച മുതൽ തന്നെ അധിക വൈദ്യുതി വാങ്ങാനാണ് ശ്രമം. നിലവിൽ യൂണിറ്റിന് പരമാവധി 10 രൂപ വരെ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയുള്ളത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വലിയ പ്രതിഷേധത്തിന് വഴിവെക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം.

നിലവിലെ പ്രതിസന്ധി മറികടക്കാൻ പല സംസ്ഥാനങ്ങളും വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി. സർക്കാരിന് കത്ത് നൽകിയിരുന്നു. നിയന്ത്രണം ഏതുവിധേനയും ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യം എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. എൻ.ടി.പി.സിയുടെ രത്നഗിരി പവർ പ്ലാന്റിൽനിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് തീരുമാനം.

ALSO READ:പാർട്ടി മുഖ്യം, ഇ.ഡി.യും അന്വേഷണവുമല്ല..! വിപുല സമിതിയുടെ ഫോക്കസ് മാറ്റി കേന്ദ്രനേതൃത്വം

ഒഡിഷയിൽനിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങാനും വാക്കാൽ ധാരണയായിട്ടുണ്ട്. ഒഡിഷയിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയാണ് വില. ന്യൂക്ലിയർ പവർ കോർപ്പറേഷനിൽനിന്നുള്ള വൈദ്യുതിയുടെ വില അനുവദിക്കുമ്പോഴാണ് നിശ്ചയിക്കുക. ഇതോടെ ആകെ 600 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കുമെന്നും നിയന്ത്രണം ഒഴിവാക്കാനാകുമെന്നുമാണ് വിലയിരുത്തൽ. നിലവിൽ പല പ്രദേശങ്ങളിലും രാത്രിയിൽ മൂന്ന് തവണവരെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.

ഇതിനുപുറമെ ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വൈദ്യുതി വിതരണക്കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി ലഭ്യമായത്ര വൈദ്യുതി വാങ്ങുന്നതിനായി മൂന്ന് കെ.എസ്.ഇ.ബി. ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് പുറപ്പെടും. ഉയർന്ന വില നൽകേണ്ടിവന്നാലും ആവശ്യത്തിന് വൈദ്യുതി കണ്ടെത്തി നിയന്ത്രണം ഒഴിവാക്കുകയെന്നതാണ് ഇപ്പോഴത്തെ നീക്കം. ഇതോടെ രാത്രിയിലെ വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് പരിഹാരം കാണാനാകുമോയെന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്.

Share Email
Top