താരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും വിമർശനങ്ങൾ ഉയർന്നുവെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഇംപാക്ട് പ്ലെയർ’ നിയമം അടുത്ത സീസണിലും തുടർന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഐ.പി.എൽ 2027 ലേലത്തിനായുള്ള ഫ്രാഞ്ചൈസികളുടെ തയ്യാറെടുപ്പുകൾ നിയമം നിലനിൽക്കുമെന്ന ധാരണയിലാണ് മുന്നോട്ട് പോകുന്നത്. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായുള്ള പതിപ്പായതിനാൽ ഈ ഘട്ടത്തിൽ നിയമമാറ്റം വരുത്തുന്നത് ടീമുകളുടെ തന്ത്രങ്ങളെ ബാധിക്കുമെന്ന് ഐ.പി.എൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ചർച്ചയിൽ, നിയമം പെട്ടെന്ന് പിൻവലിക്കുന്നത് തിരിച്ചടിയാകുമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് അടക്കമുള്ള നാലോളം ഫ്രാഞ്ചൈസികൾ വ്യക്തമാക്കിയിരുന്നു. പരിക്കിൽ നിന്ന് പൂർണ മുക്തി നേടാത്ത പ്രമുഖ താരങ്ങൾക്ക് ബാറ്ററായി മാത്രം കളത്തിലിറങ്ങാൻ ഈ നിയമം അവസരമൊരുക്കുന്നുണ്ട്. മുൻ സീസണുകളിൽ രോഹിത് ശർമ്മയും എം.എസ്. ധോണിയും ഇത്തരത്തിൽ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ആനുകൂല്യത്തിൽ കളത്തിലിറങ്ങി ആരാധക ശ്രദ്ധ നേടിയിരുന്നു. ഈ നിയമം വന്നതോടെ മത്സരങ്ങളിലെ റൺവേട്ടയും ഗണ്യമായി ഉയർന്നിട്ടുണ്ട്. 2026 സീസണിൽ ഓവറിലെ ശരാശരി സ്കോറിങ് നിരക്ക് 9.85 ആയി ഉയർന്നതും, 200 പ്ലസ് സ്കോറുകളുടെ എണ്ണം കുത്തനെ കൂട്ടിയതും ഈ നിയമത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.






