കല്യാണക്കുറിയില്‍ മോദിക്ക് വേണ്ടി വോട്ടഭ്യര്‍ഥന; വരനെതിരെ കേസ്

കല്യാണക്കുറിയില്‍ മോദിക്ക് വേണ്ടി വോട്ടഭ്യര്‍ഥന; വരനെതിരെ കേസ്

ബെംഗളൂരു: കല്യാണക്കുറിയില്‍ മോദിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച വരനെതിരെ കേസ്. കര്‍ണാടകയിലാണ് സംഭവം. ദക്ഷിണ കന്നഡയിലെ പുത്തൂര്‍ താലൂക്കിലെ വരനാണ് കല്യാണക്കുറിയില്‍ മോദിയുടെ പേര് ഉപയോഗിച്ച് വോട്ടഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ‘ദമ്പതികള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുക എന്നതായിരിക്കും…’ എന്ന ടാഗ് ലൈനോടെയാണ് കല്യാണക്കുറി തയ്യാറാക്കിയിരിക്കുന്നത്.

ബന്ധുക്കളില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് വരന്‍ കുടുങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വരന്റെ പുത്തൂര്‍ താലൂക്കിലെ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ്, മാര്‍ച്ച് ഒന്നിന് താന്‍ ക്ഷണക്കത്ത് അച്ചടിച്ചിരുന്നുവെന്നാണ് വരന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനമൂലമാണ് ഇങ്ങനെ ചെയ്തതെന്നും വരന്‍ പറഞ്ഞു. ഏപ്രില്‍ 18നായിരുന്നു ഇയാളുടെ വിവാഹം.

എന്നാല്‍ വരന്റെ വിശദീകരണത്തില്‍ തൃപ്തരല്ലാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 26 ന് ഉപ്പിനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പുറമെ ക്ഷണക്കത്ത് അച്ചടിച്ച പ്രസ് ഉടമയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്.

അതേസമയം,പ്രധാനമന്ത്രി മോദിയുടെ പേര് വിവാഹ കാര്‍ഡില്‍ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. ഒരുമാസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. ഹൈദരാബാദിലായിരുന്നു മകന്റെ വിവാഹക്ഷണക്കത്തില്‍ പിതാവ് മോദിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്. ഏറെ വിവാദമായിരുന്നെങ്കിലും വരനെതിരെയോ വധുവിനെതിരെയോ നിയമനടപടി സ്വീകരിച്ചിരുന്നില്ല.

Top