രാഷ്ട്രീയം തീർത്തും ദുഷിച്ചുപോയി; ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയാനൊരുങ്ങി സിദ്ധരാമയ്യ

2028-ൽ സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ തനിക്ക് 81-82 വയസ്സ് പ്രായമാകുമെന്നും, തന്റെ ആരോഗ്യം പഴയതുപോലെ ശക്തമല്ലാത്തതിനാൽ മുമ്പത്തെപ്പോലെ ആവേശത്തോടെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

രാഷ്ട്രീയം തീർത്തും ദുഷിച്ചുപോയി; ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയാനൊരുങ്ങി സിദ്ധരാമയ്യ
രാഷ്ട്രീയം തീർത്തും ദുഷിച്ചുപോയി; ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയാനൊരുങ്ങി സിദ്ധരാമയ്യ

കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ സിദ്ധരാമയ്യ, 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിലോ ഭാവിയിലെ മറ്റ് തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രായാധിക്യം, ആരോഗ്യസ്ഥിതി മോശമാവൽ, രാഷ്ട്രീയ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന അധഃപതനം എന്നിവയാണ് താൻ ഈ തീരുമാനമെടുക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിദ്ധരാമയ്യ തന്റെ നിലപാട് വ്യക്തമാക്കിയത്.

2028-ൽ സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ തനിക്ക് 81-82 വയസ്സ് പ്രായമാകുമെന്നും, തന്റെ ആരോഗ്യം പഴയതുപോലെ ശക്തമല്ലാത്തതിനാൽ മുമ്പത്തെപ്പോലെ ആവേശത്തോടെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങൾ തന്നെ ഈ തീരുമാനത്തിൽ എത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ആർഎസ്എസ് ശാഖയിൽ നിന്ന് ഡൽഹിയുടെ ഭരണസിരാകേന്ദ്രത്തിലേക്ക്! മോദിയുടെ വിശ്വസ്തനായി വളർന്ന നേതാവിന് മുന്നിൽ ഇനി വലിയ വെല്ലുവിളികൾ?

ഇന്നത്തെ രാഷ്ട്രീയം പൂർണ്ണമായും ദുഷിച്ചുപോയെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാത്ത അവസ്ഥയാണെന്നും സിദ്ധരാമയ്യ വിമർശിച്ചു. മുൻകാലങ്ങളിൽ ജനം പണം സംഭാവന ചെയ്താണ് തന്നെ വിജയിപ്പിച്ചിരുന്നതെങ്കിൽ, ഇന്നത്തെ കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങൾക്ക് പണം നൽകേണ്ട അവസ്ഥയാണെന്നും അദ്ദേഹം വേദനയോടെ അനുസ്മരിച്ചു.

1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച തനിക്ക്, 2028 ആകുമ്പോൾ രാഷ്ട്രീയത്തിൽ 50 വർഷം തികയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ അഞ്ച് പതിറ്റാണ്ട് രാഷ്ട്രീയ ജീവിതത്തിൽ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും, താൻ വിശ്വസിച്ച തത്വങ്ങൾക്ക് വിരുദ്ധമായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെങ്കിലും പൊതുജീവിതത്തിൽ സജീവമായി തുടരുമെന്നും ജനങ്ങളുടെ ശബ്ദമായി എന്നും കൂടെയുണ്ടാകുമെന്നും സിദ്ധരാമയ്യ ഉറപ്പുനൽകി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, തന്റെ ഭാവി ജീവിതവും ജനങ്ങളുടെ സേവനത്തിനായി മാത്രമായി സമർപ്പിക്കുമെന്ന് വ്യക്തമാക്കി.

Share Email
Top