കോട്ടയം: മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിന് കടുത്ത ഭാഷയിൽ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. രാഷ്ട്രീയ പ്രവർത്തനം എന്തും വിളിച്ചുപറയാനുള്ള ലൈസൻസ് അല്ലെന്നും ജോർജിനെപ്പോലെയുള്ള ‘രാഷ്ട്രീയ കോമരങ്ങൾ’ കേരളത്തിന് മാനക്കേടാണെന്നും കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് തുറന്നടിച്ചു.
തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ തിരിച്ചടികളുടെ നിരാശ തീർക്കാൻ സഭാ നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ബിഷപ്പ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചെന്ന ജോർജിന്റെ ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയെയും, വിവാദമായ എഫ്.സി.ആർ.എ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെയും ജോർജ് പരിഹസിച്ചിരുന്നു.
Also Read: ‘സതീശന്റെ വനവാസത്തിന് വനംവകുപ്പ് സൗകര്യമൊരുക്കും’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ
ഇത്തരം നിലപാടുകൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സഭയുടെ സംരക്ഷണം പറ്റി വളർന്നവർ ഇപ്പോൾ സഭയെത്തന്നെ തള്ളിപ്പറയുകയാണെന്നും വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. പാലായിലും പൂഞ്ഞാറിലും ഉണ്ടായ തിരിച്ചടികൾക്ക് കാരണം സഭാ നേതൃത്വമാണെന്ന ജോർജിന്റെ കണ്ടെത്തൽ സ്വയം പരിഹാസ്യനാകുന്നതിന് തുല്യമാണ്.






