ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, ഭരണപക്ഷത്തിന് മാത്രമല്ല, പ്രതിപക്ഷത്തെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ, ഇതിൽ ഏത് മുന്നണിക്ക് തിരിച്ചടി നേരിട്ടാലും, അത് മാസങ്ങൾക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യവും ഉറപ്പാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ, സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളും സ്ഥാനാർത്ഥികളുടെ മികവുമാണ് വിജയത്തിന് പ്രധാന ഘടകമാകാറുള്ളതെങ്കിലും, ഇത്തവണ കാര്യങ്ങൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. അതിന് പ്രധാന കാരണം, സോഷ്യൽ മീഡിയകളുടെ വർധിച്ചു വരുന്ന സ്വാധീനമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ എണ്ണം വലിയ രൂപത്തിലാണ് വർധിച്ചിരിക്കുന്നത്.
അച്ചടി മാധ്യമങ്ങൾക്കും വാർത്താ ചാനലുകൾക്കുമപ്പുറം, സോഷ്യൽ മീഡിയകളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻ തോതിൽ വർധിക്കുന്നത്, ഏത് രൂപത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രകടമാകുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ നിലവിൽ ഉറ്റു നോക്കുന്നത്. സത്യത്തിനും മീതെ, കള്ളപ്രചരണങ്ങൾക്ക് മേധാവിത്വം ലഭിക്കുന്ന ഈ പുതിയ സാഹചര്യം, രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നതിൽ സംശയമില്ല.
അരാഷ്ട്രീയ ബോധം ശക്തിപ്പെടുന്ന പുതിയ കാലത്ത് തന്നെ, രാഷ്ട്രീയ പോരും സോഷ്യൽ മീഡിയകളിൽ വ്യാപകമായാണ് പ്രകടമായിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളും അവരുടെ പോഷക സംഘടനകളും എല്ലാം തന്നെ, പ്രധാന പ്രചരണത്തിനായി ഉപയോഗപ്പെടുത്തുന്നതും സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളെയാണ് എന്നതും ഒരു വസ്തുതയാണ്.
ഫെയ്സ്ബുക്ക് ആയാലും യൂട്യൂബ് ആയാലും, ഗൂഗിൾ ആയാലും, ഇൻസ്റ്റഗ്രാം ആയാലും സോഷ്യൽ മീഡിയകൾ ഉപയോഗിക്കാത്ത ഒരു വീടുപോലും കേരളത്തിൽ ഉണ്ടാവില്ല. നമ്മുടെ ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും ഇന്ന് ഈ സാങ്കേതികവിദ്യകൾക്ക് അഡിക്റ്റാണ് എന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ടാണ്, രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോൾ സോഷ്യൽ മീഡിയകളെ ഗൗരവത്തിലെടുക്കേണ്ടി വന്നിരിക്കുന്നത്.
രാഷ്ട്രീയത്തോട് മുഖം തിരിക്കുന്ന പുതിയ തലമുറ, തമിഴ്നാട്ടിൽ നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ വലിയ രൂപത്തിൽ രാഷ്ട്രീയത്തിൽ താൽപര്യപ്പെട്ട് തുടങ്ങിയതായാണ് തമിഴ്നാട്ടിലെ ഒരു സർവ്വേയിൽ നിന്ന് തന്നെ വ്യക്തമായിരിക്കുന്നത്.
അരാഷ്ട്രീയ ചിന്തകൾക്ക് ഏറെ വേരോട്ടമുള്ള തമിഴ്നാട്ടിൽ ഇതാണ് സ്ഥിതിയെങ്കിൽ, രാഷ്ട്രീയ കേരളത്തിലെ അവസ്ഥ എന്തായിരിക്കുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയ പാർട്ടികളിൽ താൽപര്യമില്ലാത്തവർ പോലും, കൃത്യമായി വോട്ട് ചെയ്യുന്ന നാടാണ് കേരളം. എല്ലാ തിരഞ്ഞെടുപ്പുകളിലും പുതുതായി വോട്ട് ചെയ്യുന്ന വോട്ടർമാരുടെ എണ്ണവും ഇവിടെ കൂടുതലാണ്. അതുകൊണ്ട് തന്നെ, കേരളത്തിലെ പുതു തലമുറയ്ക്ക് രാഷ്ട്രീയത്തോട് താൽപര്യമില്ല എന്ന വാദത്തെ അംഗീകരിച്ച് കൊടുക്കാനും കഴിയുകയില്ല. ഇവരെല്ലാം തന്നെ, രാഷ്ട്രീയ സംഭവവികാസങ്ങളെ നോക്കിക്കാണുന്നതും വിലയിരുത്തുന്നതും പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മുഖാന്തിരമാണ്.
എന്തിനേറെ പറയുന്നു, സാറ്റലൈറ്റ് വാർത്താ ചാനലുകളുടെ പരിപാടികൾ ഏറ്റവും കൂടുതൽ ജനങ്ങളിൽ എത്തുന്നത് പോലും, ചാനലുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് എന്നതാണ് യാഥാർത്ഥ്യം.
ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയാക്കാനുമൊക്കെ എളുപ്പത്തിൽ കഴിയുന്ന ഈ സോഷ്യൽ മീഡിയ യുഗത്തിൽ, എ ഐ സാങ്കേതികവിദ്യയുടെ പിറവി കൂടി വന്നതോടെ, അതിൻ്റെ ദുരുപയോഗവും വളരെയേറെ വർധിച്ചിട്ടുണ്ട്. യാഥാർത്ഥ്യമേത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലുള്ള ചിത്രീകരണമാണ് ഇതുവഴി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, എ ഐ സാങ്കേതിക വിദ്യ രാഷ്ട്രീയ മേഖലയിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളുടെ ചങ്കിടിപ്പിക്കുന്നതും ഇത് തന്നെയാണ്.
വ്യാജ നിർമ്മിതികൾ ആർക്കും എവിടെയും വച്ച് നിർമ്മിക്കുവാനും, പുറത്ത് വിടാനുമുള്ള സാഹചര്യമുള്ളതിനാൽ, നമ്മുടെ സൈബർ പോലീസിന് പോലും, അത് കാര്യക്ഷമമായി തടയാനുള്ള സാഹചര്യമില്ലന്നതും മറ്റൊരു വസ്തുതയാണ്. അശ്ശീല കമൻ്റ് ഇട്ടവരെ പോലും നിലയ്ക്കു നിർത്താൻ കഴിയാത്ത സംവിധാനമാണ് നമുക്കുള്ളത് എന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്.
വ്യാജ കണ്ടൻ്റുകൾ സോഷ്യൽ മീഡിയകളിൽ നിന്നും എടുത്ത് കളയാൻ സൈബർ പൊലീസ് വിചാരിച്ചാൽ കഴിയുമെങ്കിലും ഇതിലെ പ്രതികളെ പിടികൂടുന്നതിന് പോലും പരിമിതികൾ ഏറെയാണ്. സോഷ്യൽ മീഡിയ അധികൃതരുടെ മെല്ലെപ്പോക്കും നിസ്സഹകരണവുമാണ് ഇതിന് പ്രധാന കാരണം. ഇനി അഥവാ ഇത്തരം കേസുകളിൽ പൊലീസ് പ്രതികളെ പിടികൂടിയിൽ പോലും, അവർ മിന്നൽ വേഗത്തിൽ പുറത്ത് വരുന്ന വാഹചര്യവും ഉണ്ട്. ഇത്തരം പ്രവണതകൾ രാഷ്ട്രീയ മേഖലയിൽ പിടിമുറുക്കുന്ന കാലമായതിനാൽ, എന്തും പ്രതീക്ഷിക്കണം എന്നതാണ് നിലവിലെ അവസ്ഥ.
സോഷ്യൽ മീഡിയ കരുത്തിൽ, ഒരു മുന്നണിയും കേരളത്തിൽ മോശമല്ല. ശക്തമായ സംവിധാനം ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും മാത്രമല്ല, ബിജെപിക്കും കേരളത്തിലുണ്ട്. എന്തിനേറെ പറയുന്നു എസ്. ഡി. പി. ഐ, വെൽഫയർ പാർട്ടികൾക്ക് പോലും, അവരുടേതായ മേഖലകളിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചു നിർത്താൻ സാധിച്ചിട്ടുണ്ട്.
ഇവർ തമ്മിലുള്ള പരസ്പര പോരാട്ടത്തിന് സോഷ്യൽ മീഡിയ വേദിയാകുമ്പോൾ, എന്തും ആയുധമാകും. ഈ പോരാട്ടത്തെ വഴിതിരിച്ച് വിടാൻ ശേഷിയുള്ള ചില ശക്തികൾ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ, പ്രചരണത്തിൻ്റെ ഗതി തന്നെയാണ് മാറിപ്പോവുക. അപ്പോഴാണ് അപസർപ്പക കഥകൾ പോലെ പല വ്യാജ നിർമ്മിതികളും പുറത്ത് വരാൻ പോകുന്നത്. യഥാർത്ഥ വിഷയങ്ങളിൽ നിന്നും മാറി, മറ്റു പല രീതിയിലേക്കും പ്രചരണങ്ങൾ വഴിമാറി പോകാനും, യഥാർത്ഥ ആശയ പോരാട്ടം നടക്കാതിരിക്കാനുമാണ് അത്തരം നീക്കങ്ങൾ വഴിവെക്കുക എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.
ഇത്തരം നീക്കങ്ങൾ ഏത് ഭാഗത്ത് നിന്ന് ഉണ്ടായാലും അത് തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യത്തിൽ, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളാണ് പ്രധാനമായും മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.
EXPRESS VIEW
വീഡിയോ കാണാം…











