CMDRF

തെലങ്കാനയിൽ പൊലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ്.ഐ അറസ്റ്റിൽ

തെലങ്കാനയിൽ പൊലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ്.ഐ അറസ്റ്റിൽ
തെലങ്കാനയിൽ പൊലീസുകാരിയെ ബലാത്സംഗം ചെയ്തു; എസ്.ഐ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ തോക്കിന് മുനയിൽ നിർത്തി ബലാത്സംഗം ചെയ്ത സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെൻ ഗൗഡിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂൺ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ വെച്ചാണ് വനിതാ കോൺസ്റ്റബിൾ(42) ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ റിവോൾവർ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അവർ ആരോപിച്ചു.സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വനിതാ കോൺസ്റ്റബിളിൻറെ പരാതിയെ തുടർന്ന് പോലീസ് എസ്ഐയുടെ സർവീസ് റിവോൾവർ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തു. വിവിധ വകുപ്പുകൾ പ്രകാരം എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി എസ്ഐക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നത്. തുടർന്ന് ഐ.ജി എ.വി രംഗനാഥ് ഗൗഡിനെ സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഉത്തരവിട്ട പ്രാഥമിക അന്വേഷണത്തിൽ എസ്ഐ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടൽ.

കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി സഹായിക്കാനെന്നെ പേരിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചതിന് 2022 ജൂലൈയിൽ ആസിഫാബാദ് ജില്ലയിലെ റെബ്ബെന പൊലീസ് സ്റ്റേഷനിൽ ഗൗഡിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പിന്നീട് കാളേശ്വരം പൊലീസ് സ്‌റ്റേഷനിലേക്ക് നിയമിക്കുകയായിരുന്നു.

Top