ജയ്പൂർ: അയൽക്കാരുമായുള്ള തർക്ക പരിഹാരത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസുകാരൻ അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. മാർച്ച് ഏഴിനായിരുന്നു യുവതി പരാതി നൽകിയത്. തൊട്ടടുത്ത ദിവസം നിലവിൽ അറസ്റ്റിലായ പൊലീസുകാരൻ തെളിവെടുപ്പിനെന്ന പേരിൽ യുവതിയേയും പ്രായപൂർത്തിയാകാത്ത മകനേയും കൂട്ടിക്കൊണ്ട് പോയി. ഇവരെ ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥൻ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
അതേസമയം ഭർത്താവിനെ കേസിൽ കുടുക്കുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. അവശനിലയിൽ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭർത്താവിനോട് പറയുകയായിരുന്നു. ഇതോടെ ഭർത്താവ് സാംഗനീർ എസിപിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതായി എസിപി വ്യക്തമാക്കി. അതേസമയം ഹോട്ടലിൽ യുവതിയെ ബന്ധുവെന്നായിരുന്നു പൊലീസുകാരൻ പരിചയപ്പെടുത്തിയത്. കുട്ടിയുടെ വസ്ത്രം മാറണമെന്നും അധിക നേരം വേണ്ടി വരില്ലെന്നും വിശദമാക്കിയാണ് ഹോട്ടലിൽ മുറിയെടുത്തത്. അനധികൃതമായി തടഞ്ഞുവെക്കൽ, ബലാത്സംഗം. തട്ടിക്കൊണ്ട് പോകൽ എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ.