CMDRF

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്

പ്രതികളെ നാളെ ആലപ്പുഴയില്‍ എത്തിക്കും

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്
സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്. കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്. പ്രതികളെ നാളെ ആലപ്പുഴയില്‍ എത്തിക്കും.

കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. ഉഡുപ്പിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മണിപ്പാലില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം നാടുവിട്ട ശര്‍മിളയെയും മാത്യൂസിനെയും തേടി പൊലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശര്‍മിള പോകാന്‍ ഇടയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെ പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

പ്രതികളുമായി പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക് തിരിച്ചു. ആലപ്പുഴയില്‍ എത്തിച്ച ശേഷം വിശദമായ ചോദ്യം ചെയ്യും. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം സങ്കീര്‍ണമായിരുന്നു. ശരീരത്തില്‍ ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തില്‍ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയും. സുഭദ്രയുടെ സ്വര്‍ണം കവരുക മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

Top