സൈബര്‍ തട്ടിപ്പുകാരെ ചെറുക്കാന്‍ എഐ ടൂള്‍ വികസിപ്പിക്കാനൊരുങ്ങി പൊലീസ്

സൈബര്‍ തട്ടിപ്പുകാരെ ചെറുക്കാന്‍ എഐ ടൂള്‍ വികസിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകാരെ ചെറുക്കാന്‍ നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനപ്പെടുത്തി ടൂള്‍ വികസിപ്പിക്കാനൊരുങ്ങി പൊലീസ്. തട്ടിപ്പുക്കാരെ തിരിച്ചറിഞ്ഞ് മുന്‍ കരുതല്‍ എടുക്കാനുള്ള സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. പദ്ധതി പൂര്‍ണമായും നടപ്പിലായി വരുമ്പോള്‍ ജനങ്ങള്‍ക്ക് ഫോണ്‍ നമ്പറുകള്‍, സമൂഹമാധ്യമ പ്രൊഫൈലുകള്‍, വെബ് ലിങ്കുകള്‍ എന്നിവ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യം ഉണ്ടാകും.

ഇതു പൊലീസിന്റെ പോല്‍-ആപ്പ് മൈബൈല്‍ ആപ്ലിക്കേഷനുമായി യോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് 200 കോടി രൂപയോളമാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. ചില കേസുകളില്‍ പണം വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും പരാതികള്‍ നല്‍കാന്‍ വൈകുന്നതിനാല്‍ പണം പിന്‍വലിച്ച് തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതു കണക്കിലെടുത്താണ് പുതിയ എഐ ടൂള്‍ ആവിഷ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ വഴിയാണ് ടൂളുകള്‍ വികസിപ്പിച്ചെടുത്തത്.

സംശയം തോന്നുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍, വെബ് ലിങ്ക്, യൂആര്‍എല്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഈ ടൂളില്‍ നല്‍കിയാല്‍ വ്യാജമാണോ എന്നു തിരിച്ചറിയാം. മൂന്നു നിറത്തിലുള്ള കോഡിങ്ങാണ് ടൂളിലുള്ളത്. കൊടുക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ അവ പച്ച നിറത്തില്‍ രേഖപ്പെടുത്തും. അത്തരം ലിങ്കുകള്‍ സുരക്ഷിതമാണെന്നു കണക്കാക്കാം. എന്നാല്‍ തട്ടിപ്പിനു സാധ്യതയുള്ളതാണെങ്കില്‍ ചുവപ്പിലാകും രേഖപ്പെടുത്തുക. ടൂളിന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഓറഞ്ച് നിറമാകും. ഈ ഘട്ടത്തില്‍ യൂസര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനായ 1930ല്‍ ബന്ധപ്പെടാം.

സാമ്പത്തിക തട്ടിപ്പുകള്‍ കേരളത്തിലും വ്യാപകമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ പൊലീസ് ആരംഭിച്ചത്. 2024 ഏപ്രില്‍ വരെ ഈ നമ്പറിലേക്ക് 13,239 പരാതികള്‍ ലഭിച്ചു. ഇതുപ്രകാരം ആകെ 197.62 കോടി രൂപയുടെ തട്ടിപ്പാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ 29.49 കോടി വീണ്ടെടുക്കാനായി. തട്ടിപ്പുമായി ബന്ധപ്പെട്ട 10,094 ബാങ്ക് അക്കൗണ്ടുകളും 7290 സിം കാര്‍ഡുകളും 10,418 ഉപകരണങ്ങളും 7,126 വെബ്സൈറ്റുകളും 3,900 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും 476 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കി.

Top