പാർക്കിംഗ് ഏരിയയിലെ രഹസ്യ ഗോഡൗണിൽ ‘ഫാസ്റ്റ് ഫുഡ്‌’ നിർമ്മാണം; കുവൈത്തിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്റ് പൂട്ടിച്ച് പോലീസ്

അൽ-സൽഹിയ മേഖലയിൽ പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന അനധികൃത ഫാസ്റ്റ് ഫുഡ് നിർമ്മാണ കേന്ദ്രവും റെസ്റ്റോറന്റും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി പൂട്ടിപ്പൂട്ടിപ്പിച്ചു

പാർക്കിംഗ് ഏരിയയിലെ രഹസ്യ ഗോഡൗണിൽ ‘ഫാസ്റ്റ് ഫുഡ്‌’ നിർമ്മാണം; കുവൈത്തിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്റ് പൂട്ടിച്ച് പോലീസ്
പാർക്കിംഗ് ഏരിയയിലെ രഹസ്യ ഗോഡൗണിൽ ‘ഫാസ്റ്റ് ഫുഡ്‌’ നിർമ്മാണം; കുവൈത്തിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്റ് പൂട്ടിച്ച് പോലീസ്

കുവൈത്ത്: രാജ്യത്ത് നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കുന്നതിനിടയിൽ കുവൈത്തിൽ ഞെട്ടിക്കുന്ന മറ്റൊരു നിയമലംഘനം കൂടി പുറത്ത്. അൽ-സൽഹിയ മേഖലയിൽ പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന അനധികൃത ഫാസ്റ്റ് ഫുഡ് നിർമ്മാണ കേന്ദ്രവും റെസ്റ്റോറന്റും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി പൂട്ടിപ്പൂട്ടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഭക്ഷ്യവസ്തുക്കളുമായി രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.

അൽ-സൽഹിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ സാധാരണ സുരക്ഷാ പട്രോളിംഗിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഈ കേന്ദ്രം ശ്രദ്ധയിൽപ്പെടുന്നത്. ഒരു വാണിജ്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്നും വൻതോതിൽ ഭക്ഷ്യ ഉൽപന്നങ്ങളുമായി രണ്ട് ഏഷ്യൻ സ്വദേശികൾ പുറത്തേക്ക് വരുന്നത് പൊലീസിന്റെ കണ്ണിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Also Read: പ്രവാസലോകത്തെ നടുക്കി ക്രൂരത; ഷാർജയിൽ രണ്ടു വയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

പ്രദേശത്തെ പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഗോഡൗണമെന്നും, ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഈ പാർക്കിംഗ് ഏരിയയിലാണെന്നും പിടിയിലായവർ സമ്മതിച്ചു. തുടർന്ന് നഗരസഭാ അധികൃതരെക്കൂടി വിവരമറിയിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ഗുരുതരമായ ആരോഗ്യ-നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

ആവശ്യമായ യാതൊരുവിധ ഔദ്യോഗിക ലൈസൻസുകളോ ഹെൽത്ത് കാർഡുകളോ ഇല്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൂടാതെ, നിർമ്മാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്താത്തതും പഴകിയതുമായ വൻ ഭക്ഷ്യശേഖരം ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തു. അടിസ്ഥാനപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ തികച്ചും അശുചിത്വമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. പിടിയിലായ ബംഗ്ലാദേശ് സ്വദേശികൾക്കെതിരെയും നിയമവിരുദ്ധമായി സ്ഥാപനം നടത്തിയ ഉടമയ്ക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം കേന്ദ്രങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Share Email
Top