സ്റ്റേഷനില്‍ മദ്യപാനം പതിവാക്കി പൊലീസുകാര്‍; സിപിഒയ്ക്കെതിരെ കേസ്

സ്റ്റേഷനില്‍ മദ്യപാനം പതിവാക്കി പൊലീസുകാര്‍; സിപിഒയ്ക്കെതിരെ കേസ്

കോട്ടയം; തിരുവല്ല പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മദ്യപിച്ചെത്തുന്നത് പതിവ്. രണ്ട് മാസത്തിനിടെ ഡ്യൂട്ടിക്കെത്തിയ മൂന്ന് ഉദ്യോഗസ്ഥരാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. പ്രശ്നക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതായും പരാതി ഉയരുന്നുണ്ട്.

വിഷുദിവസമായ ഏപ്രില്‍ 14നാണ് ആദ്യസംഭവം. രാത്രി മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സിപിഒ അനില്‍കുമാര്‍ സബ് ഇന്‍സ്പെക്ടര്‍മാരോട് കയര്‍ത്തു സംസാരിച്ചു. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതോടെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ ഇയാളെ പൊലീസുകാര്‍ പിന്തുണര്‍ന്നാണ് പിടികൂടിയത്.

എന്നാല്‍ രണ്ടുമാസം പിന്നിട്ടിട്ടും അനില്‍കുമാറിനെതിരായ അന്വേഷണറിപ്പോര്‍ട്ടില്‍ തുടര്‍നടപടിയായില്ല. ഒരുമാസം തികയും മുന്‍പേ മെയ് 12ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ വീണ്ടും സമാനസംഭവം അരങ്ങേറി. ഇത്തവണ കുറ്റക്കാരനായ സിപിഒ ദിനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് പൊലീസ് തടിയൂരി. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി മദ്യപിച്ചെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജ്കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആശുപത്രിയിലും പിന്നീട് സ്റ്റേഷനിലും ബഹളമുണ്ടാക്കിയതായാണ് എഫ്ഐആര്‍. രാജ്കുമാറിനെ സ്ഥലംമാറ്റാന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം.

Top