കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ പ്രതികളും കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ ആക്രമണത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ പ്രധാന കണ്ണിയായ കൂത്താളി ചെമ്പോടുംപൊയിൽ അനസിനെ (30) കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ എട്ട് പോലീസുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ച (ഒക്ടോബർ 3) രാവിലെ ഏഴു മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറൽ എസ്.പി.യുടെ സ്‌പെഷൽ സ്‌ക്വാഡിലെ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ.മാരായ വി.ഐ. ഷാജി, സി.എം. സുനിൽ കുമാർ, എസ്.സി.പി.ഒ. ടി.കെ. ശോഭിത്ത്, സി.പി.ഒ.മാരായ അനൂപ്‌സൺ, മിഥുൻ മോഹൻ, ലിധിൻ, പേരാമ്പ്ര സ്റ്റേഷനിലെ സി.പി.ഒ. ലിസ്‌ന എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ പരിശോധന നടത്തി അനസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയും വീട്ടുകാരും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു.
Also Read: നാവികസേനാ ഉദ്യോഗസ്ഥൻ ഹണിട്രാപ്പിൽ കുടുങ്ങി; പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റ്
ഒരു കുട്ടിയെ മുന്നിൽ പരിച പോലെ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് പോലീസ് വ്യക്തമാക്കി. പോലീസുകാരായ ശോഭിത്തിന്റെ മുഖത്തും സുനിൽകുമാറിന്റെ കൈക്കും കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പേരാമ്പ്രയിൽനിന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയ ശേഷമാണ് പ്രതി അനസിനെയും സഹോദരൻ ആസിഫിനെയും (32) കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്.
വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്ത ഇരു പ്രതികളെയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. എംഡിഎംഎ കേസിൽ ഇവരെ വടകര പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിൽ പങ്കാളികളായ മറ്റ് കുടുംബാംഗങ്ങൾക്കെതിരേയും കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര എ.എസ്.പി. ആർതി യാദവ് ആശുപത്രിയിലെത്തി പരിക്കേറ്റ പോലീസുകാരെ കണ്ട് വിവരങ്ങൾ തിരക്കി.
വടകരയിലെ എംഡിഎംഎ കേസിൽ നേരത്തേ അറസ്റ്റിലായ അധ്യാപിക കീർത്തനയും അനസുമായി ബാങ്ക് വഴി വൻതോതിൽ പണമിടപാട് നടന്നതിന്റെ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അധ്യാപികയായ കീർത്തനയെ ഈ ലഹരി ശൃംഖലയിലേക്ക് എത്തിച്ചതിൽ അനസിന് പ്രധാന പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഫോണിൽ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് കൂടുതൽ സ്ത്രീകളെ മയക്കുമരുന്ന് വിപണന ശൃംഖലയുടെ ഭാഗമാക്കാൻ പ്രതികൾ ശ്രമിച്ചിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.





