ഉത്തർപ്രദേശിലെ മഥുരയിൽ കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. വാഹന പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ ആണ് രണ്ട് കുപ്രസിദ്ധ കവർച്ചക്കാർ കൊല്ലപ്പെട്ടത്. ധരംവീർ (ലമ്പു), രാജേന്ദ്ര (പപ്പു) എന്നിവരാണ് മരിച്ചത്. സുരീർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ബൈക്കിലെത്തിയ പ്രതികളെ പോലീസ് തടഞ്ഞപ്പോൾ, രക്ഷപ്പെടാനായി ഇവർ വെടിയുതിർക്കുകയായിരുന്നു. ആത്മരക്ഷാർത്ഥം പോലീസ് തിരിച്ചു വെടിവെച്ചപ്പോഴാണ് ഇവർക്ക് പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ടവർക്ക് ദീർഘകാലമായി ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കവർച്ചാ കേസുകളിൽ ഇവർ പ്രതികളാണെന്നും മഥുര എസ്എസ്പി ശ്ലോക് കുമാർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെങ്കിലും അവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവസ്ഥലത്തുനിന്ന് കവർച്ചാ പണവും അനധികൃത ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഇവരുടെ ക്രിമിനൽ റെക്കോർഡുകൾ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അതേസമയം, ഉത്തർപ്രദേശിലെ ദേവർണിയയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച മറ്റൊരു കുറ്റവാളിയെ പോലീസ് വെടിവെച്ച് പിടികൂടി. പോലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കാലിനാണ് പരിക്കേറ്റത്. കൊലപാതകം, കവർച്ച തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികളെ പിടികൂടാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.






