പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പൊലീസ്; എച്ച് ഡി കുമാരസ്വാമി

പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പൊലീസ്; എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ കേസില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിനു പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇപ്പോള്‍ അന്വേഷണം നടത്തുന്നത് സിദ്ധരാമയ്യയുടെ അന്വേഷണ സംഘമാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

‘ഏപ്രില്‍ 21-ന് സംസ്ഥാനത്തുടനീളം ഒരു പെന്‍ഡ്രൈവ് പ്രചരിപ്പിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത് ചെയ്തത്. ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹാസ്സന്‍ എന്നിവിടങ്ങളില്‍ മനഃപൂര്‍വം അവര്‍ പെന്‍ഡ്രൈവ് പ്രചരിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 22-ന് ഇതുസംബന്ധിച്ച് പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു’, കുമാരസ്വാമി പറഞ്ഞു.

വീഡിയോയുടെ ഉള്ളടക്കത്തെ താന്‍ ന്യായീകരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണം. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണം. വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരായ അന്വേഷണത്തില്‍ സുതാര്യത ആവശ്യമാണെന്നും പരാതി നല്‍കിയിട്ടും കുറ്റാരോപിതര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കുമാരസ്വാമി ആരോപിച്ചു. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ സിറ്റിങ്ങ് എംപിയും ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ പ്രജ്ജ്വലിനെ ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായി പ്രജ്ജ്വലിന്റെ വീഡിയോ വിവാദം മാറിയിരുന്നു.

Top