കോഴിക്കോട്: വണ്ടൂരിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തി പോലീസ്. കോഴിക്കോട് മാവൂരിലെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട ‘ആട് ഷമീർ’ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെയാണ് ജീവൻ പണയപ്പെടുത്തി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിനുനേരെ പന്നിപ്പടക്കമെറിഞ്ഞും തോക്കുചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ ഒടുവിൽ മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. ആക്രമണത്തിൽ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു.
പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ മാവൂർ പെരുവയലിലെ ഫ്‌ളാറ്റിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തിയത്. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥർ സുരക്ഷാ ജീവനക്കാരനെ കൂട്ടി പ്രതികൾ താമസിച്ചിരുന്ന മുറിയുടെ വാതിലിൽ മുട്ടുകയായിരുന്നു. സെക്യൂരിറ്റിയാണെന്ന് കരുതി വാതിൽ തുറന്ന പ്രതികൾ പോലീസിനെ കണ്ട് പെട്ടെന്ന് പരുങ്ങി. ഇതിനിടെ സംഘത്തിലൊരാൾ പോലീസിനുനേരെ പന്നിപ്പടക്കം എറിയുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രതികളുടെ കൈയിലുണ്ടായിരുന്ന തോക്കുകൾ താഴെവീണു. ഇതോടെ പോലീസ് സംഘം പ്രതികളെ നേരിട്ട് നേരിടുകയും കടുത്ത മൽപ്പിടിത്തത്തിനൊടുവിൽ നാലുപേരെയും പൂട്ടിയിടുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന അഞ്ചാമൻ ഹർഷാദ് എന്നയാൾ ഓടി രക്ഷപ്പെട്ടു.
Also Read: ലോകത്തെ നടുക്കിയ ‘സെക്സ് ഡെമൺ’..! കൊടും ക്രൂരതകളുടെ ആൾരൂപമായ ആ സൈക്കോ കില്ലർ ആരാണ്?
പ്രതികളുടെ താവളത്തിൽനിന്ന് മൂന്ന് നിറതോക്കുകളും 11 വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ നീലേശ്വരം സ്വദേശി ഷമീർ (ആട് ഷമീർ), ഒറ്റപ്പാലം സ്വദേശി വിഷ്ണു സൽമാൻ, മാവൂർ സ്വദേശി ജാസ്മോൻ, കൊട്ടാരക്കര സ്വദേശി ഡേവിഡ് കാർണൽ അലക്സ് എന്നിവർക്കെതിരെ വധശ്രമം, സ്ഫോടകവസ്തു നിരോധന നിയമം, ആയുധ നിയമം എന്നിവ പ്രകാരം മാവൂർ പോലീസ് കേസെടുത്തു. പരിക്കേറ്റ എ.എസ്.ഐ അബ്ദുൾ റഷീദ്, സി.പി.ഒമാരായ ഷമീർ, കമൽ, നൗഷാദ് എന്നിവർ ചികിത്സയിലാണ്.
ഇറച്ചിവെട്ടുകാരനിൽനിന്ന് ആട് മോഷ്ടാവിലേക്കും അവിടെനിന്ന് അന്തർസംസ്ഥാന ക്വട്ടേഷൻ തലവനിലേക്കും വളർന്ന കുറ്റവാളിയാണ് പിടിയിലായ ആട് ഷമീർ. കവർച്ച, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങി പതിനെട്ടോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. മുൻപ് മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയിരുന്നതിനാൽ ‘മുളകുപൊടി ഷമീർ’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. പിന്നീട് ആടുമോഷണം പതിവാക്കിയതോടെയാണ് ‘ആട് ഷമീർ’ എന്ന പേര് വീണത്. അണ്ടർവേൾഡ് ഡോൺ രവി പൂജാരിയുടെ കൂട്ടാളി മോനായിക്ക് വേണ്ടിയും ഇയാൾ ക്വട്ടേഷൻ നടപ്പാക്കിയിട്ടുണ്ട്.
പോലീസ് ട്രാക്ക് ചെയ്യാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതെ, വി.പി.എൻ വഴി വാട്സാപ്പിലൂടെ മാത്രം ആശയവിനിമയം നടത്തുന്നതാണ് ഇയാളുടെ ശൈലി. വലിയ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന് സുഖവാസത്തിൽ കഴിയുന്നതാണ് രീതി. രണ്ടുതവണ കാപ്പ ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ സാമ്പത്തിക സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് കൂടി വന്നതോടെ ആട് ഷമീറിന് ജയിൽവാസം നീളുമെന്നാണ് ഉറപ്പായിരിക്കുന്നത്.






