മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ പോലീസ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വടക്കാഞ്ചേരി പോലീസിന്റെ പ്രതികാര നടപടി. തൃശ്ശൂർ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ പി.വി. ബിജുവിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ബിജുവിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ ജൂലൈ 7ന് വൈകീട്ട് പോലീസ് സംഘം എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. അറസ്റ്റ് ചെയ്യുമെന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ. വി.എസ്. മുരളീധരൻ അറിയിച്ചു.
ജൂലൈ 6 തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പട്രോളിങ് നടത്തുന്ന വടക്കാഞ്ചേരി പോലീസ് ജീപ്പിന്റെ ഇൻഷുറൻസ്, പുകസർട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് എം.വി.ഐ പി.വി. ബിജു 4,000 രൂപ പിഴ ചുമത്തി. വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെന്ന് എസ്.ഐ ബദറുദ്ദീൻ വാദിച്ചെങ്കിലും രേഖകൾ ഒന്നും തന്നെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് രേഖകൾ ഹാജരാക്കിയാൽ പിഴ ഒഴിവാക്കാമെന്ന് എം.വി.ഐ ഉറപ്പുനൽകി. അതുപ്രകാരം ചൊവ്വാഴ്ച രാവിലെ പോലീസ് ഇൻഷുറൻസ് രേഖകൾ വാട്‌സാപ്പ് വഴി ഹാജരാക്കി. എന്നാൽ, പോലീസ് ജീപ്പിന്റെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 20-ന് തന്നെ അവസാനിച്ചിരുന്നു. ഇതോടെ പുക സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും, ഇൻഷുറൻസ് രേഖകൾ കൈവശം വെക്കാത്തതിനും ചേർത്ത് ഒടുവിൽ 500 രൂപയുടെ പുതുക്കിയ പിഴ ചലാൻ എംവിഡി പോലീസിന് നൽകി.
Also Read: ‘ഇനി സമയം നീട്ടി നൽകില്ല, ഇത് അവസാന അവസരം!’മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി
തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും, പരിശോധനയുടെ ദൃശ്യങ്ങളും വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പോലീസിനെ പൊതുജനമധ്യത്തിൽ കളങ്കപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ബിജുവിനെതിരെ പോലീസ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് എം.വി.ഐ പി.വി. ബിജു വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് ചൂണ്ടിക്കാണിക്കുകയും നിയമപ്രകാരമുള്ള ചലാൻ നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





