ക്ഷേത്രങ്ങളില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: അരളിച്ചെടിയുടെ പൂവിലും ഇലയിലും വിഷാംശമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അരളിപ്പൂ നിരോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിവേദ്യ സമര്‍പ്പണത്തിനു ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നല്‍കേണ്ടത്. എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി.

അരളിപ്പൂ മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണു തീരുമാനം. ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് അംഗം എ.അജികുമാര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണു നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

Top