കോഴിക്കോട്: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിൻ (45) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകിയ ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർഥിയെ മർദിച്ചതിനും, അധ്യാപികമാരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊതുജനങ്ങളെ ശല്യം ചെയ്തതിനുമായി ആറോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം ഇൻസ്പെക്ടർ കിരണിന്‍റെ നിർദേശ പ്രകാരം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.