ഉത്സവകാലത്തിന് മുന്നേ കീശ കാലിയാകും; നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മുൻനിര കമ്പനികൾ

ഉത്സവ സീസണിന് മുന്നോടിയായി ടൂത്ത് പേസ്റ്റ്, വാഹനങ്ങളുടെ ടയറുകൾ, പെയിന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് പ്രധാനമായും വില വർധിക്കുന്നത്

ഉത്സവകാലത്തിന് മുന്നേ കീശ കാലിയാകും; നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മുൻനിര കമ്പനികൾ
ഉത്സവകാലത്തിന് മുന്നേ കീശ കാലിയാകും; നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങി മുൻനിര കമ്പനികൾ

മേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനാൽ, ഇന്ത്യയിലെ മുൻനിര കമ്പനികൾ നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നു. ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, വരും മാസങ്ങളിലും ഈ വിലക്കയറ്റം തുടരാനാണ് സാധ്യത. ഉത്സവ സീസണിന് മുന്നോടിയായി ടൂത്ത് പേസ്റ്റ്, വാഹനങ്ങളുടെ ടയറുകൾ, പെയിന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് പ്രധാനമായും വില വർധിക്കുന്നത്.

വില വർധിപ്പിക്കുന്ന പ്രധാന കമ്പനികൾ

ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ദൊഡ്‌ല ഡയറി തുടങ്ങി കുറഞ്ഞത് എട്ട് കമ്പനികളെങ്കിലും ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാൻ പദ്ധതിയിടുന്നുണ്ട്. ഡിറ്റെർജന്റുകളുടെയും പാത്രം കഴുകുന്ന ബാറുകളുടെയും വില വർധിപ്പിക്കുമെന്ന് ഹിന്ദുസ്ഥാൻ യുണിലിവർ വ്യക്തമാക്കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണവിലയിലുള്ള ചാഞ്ചാട്ടങ്ങൾ കാരണം ഹോം കെയർ ഉൽപ്പന്നങ്ങളുടെ വില കമ്പനി ക്രമാനുഗതമായി കൂട്ടി വരികയാണ്. ഗാർഹിക ഉപകരണങ്ങൾ നിർമ്മിക്കുന്ന ഹാവെൽസ് ഇന്ത്യ ഇതിനോടകം തന്നെ ഉൽപ്പന്നങ്ങൾക്ക് 8 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഗതാഗതച്ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും കൂടിയതോടെ ടാറ്റാ ഉപ്പിന്റെ വിലയും 7 ശതമാനത്തോളം ഉയർന്നു. അടുക്കള സാധനങ്ങൾ മുതൽ ഇലക്ട്രിക് ഉപകരണങ്ങൾ വരെ ഈ വിലക്കയറ്റം ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Also Read:എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ പെട്രോൾ വില 125 രൂപയാകുമായിരുന്നു; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഉത്സവകാലത്തെ തിരിച്ചടി

ഓഗസ്റ്റ് മുതൽ നവംബർ വരെ നീളുന്ന ഉത്സവ സീസണിലാണ് ഈ വിലക്കയറ്റം വരുന്നത് എന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഓണം, ദീപാവലി തുടങ്ങിയ ആഘോഷവേളകളിലാണ് ആളുകൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങുന്നത്. കമ്പനികളുടെ വാർഷിക വിൽപനയുടെ മൂന്നിലൊന്നും ഈ സമയത്താണ് നടക്കുന്നത്. ഈ ഉയർന്ന ഡിമാൻഡ് മുതലെടുത്ത് അധികച്ചെലവുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കമ്പനികൾക്ക് ഇതുവഴി എളുപ്പമാകും.

വിപണിയിലെ ഡിമാൻഡ്

വിലക്കയറ്റമുണ്ടെങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളിലും നിലവിൽ ഉപഭോക്തൃ ഡിമാൻഡിൽ ഇടിവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം ജൂണിലെ ചില്ലറ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 6% വർധിച്ചിട്ടുണ്ട്. എങ്കിലും, വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയെ വരും നാളുകളിൽ എങ്ങനെ ബാധിക്കുമെന്ന് കമ്പനികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top