മുംബൈ: ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാനുള്ള നിയമം തയാറാക്കാൻ മഹാരാഷ്ട്രയിൽ ഏഴംഗ സമിതിയെ നിയോഗിച്ചതിൽ എൻഡിഎയിൽ ഭിന്നത രൂക്ഷമാവുന്നു. സർക്കാർ നീക്കത്തിൽ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി (ആർപിഐ) നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അടോളെ പ്രതിഷേധിച്ചു. ഇതരമതസ്ഥരുമായുള്ള വിവാഹത്തെ ലവ് ജിഹാദ് എന്നു വിളിക്കുന്നത് തെറ്റാണ്. മതപരിവർത്തനം തടയാൻ നിയമം വേണമെങ്കിലും മത സൗഹാർദം ഒരിക്കലും തകർക്കരുത്. പ്രധാനമന്ത്രി എല്ലാവരെയും തുല്യപരിഗണനയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കരുത്തനായ ദലിത് നേതാവാണ് കേന്ദ്ര സാമൂഹികനീതി–ശാക്തീകരണ വകുപ്പു സഹമന്ത്രിയായ അടോളെ.
ശിവസേനാ ഷിൻഡെ വിഭാഗത്തിനു പിന്നാലെ എൻസിപി അജിത് പക്ഷവും എൻഡിഎയിൽ എത്തിയതോടെ തന്റെ പാർട്ടിക്ക് ബിജെപി വേണ്ട പരിഗണന നൽകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ് അടോളെ ലൗ ജിഹാദ് നീക്കത്തെ എതിർത്ത് രംഗത്തെത്തിയത്.
Also Read : കുടുംബത്തിനു പുറത്തേക്ക് അധികാര സ്ഥാനങ്ങൾ പങ്കുവയ്ക്കില്ല; യുവജനതാദൾ നയിക്കാൻ നിഖിൽ ഗൗഡ
‘‘മുസ്‌ലിംകൾ അടക്കം എല്ലാവർക്കുമായി ക്ഷേമ നടപടികൾ പ്രധാനമന്ത്രി ആരംഭിച്ചിട്ടുണ്ട്. തീവ്ര നിലപാടുകളെയാണ് പ്രധാനമന്ത്രി എതിർക്കുന്നത്. അല്ലാതെ, ഒരു സമുദായത്തെയുമല്ല’’ – അടോളെ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെങ്കിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും പറഞ്ഞു.