CMDRF

സെപ്റ്റംബർ 14-ന് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക

സെപ്റ്റംബർ 14-ന് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍
സെപ്റ്റംബർ 14-ന് പ്രധാനമന്ത്രി ജമ്മു കശ്മീരില്‍

ശ്രീന​ഗർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 14-ന് ജമ്മു കശ്മീരില്‍ എത്തും. വിവിധ റാലികളിൽ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റമ്പാൻ, ബനിഹാൾ മണ്ഡലങ്ങളിൽ ഞായറാഴ്ച നടക്കുന്ന പ്രചാരണ പരിപാടികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.

നിലവില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. തിര‍‍ഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാ​ഗമായി വെള്ളി, ശനി ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ ഉണ്ടായിരുന്നു.

Also Read: മണിപ്പൂർ സംഘർഷം; ജിരിബാമിൽ ആള്‍ക്കൂട്ടത്തിന് വിലക്ക്

ഭരണഘടനയിൽ ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും അന്ന് ഷാ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ജമ്മു-കശ്മീരിൽനിന്ന് ഭീകരവാദം പൂർണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി. പ്രകടനപത്രികയിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.

കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാർഥികൾക്ക് യാത്രച്ചെലവിനത്തിൽ പ്രതിവർഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കിൽ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങൾക്ക് പ്രതിവർഷം രണ്ടു ഗ്യാസ് സിലിൻഡറുകൾ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതൽ.

Also Read: റഷ്യ-യുക്രയ്ൻ സമാധാന ഉടമ്പടി; മോദിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക്

ഉൾഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് ടാബുകളും ലാപ്‌ടോപ്പുകളും വയോധികര്‍, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പെൻഷൻ ആയിരം രൂപയിൽനിന്ന് മൂവായിരം രൂപയായി ഉയർത്തും തുടങ്ങിയവയും വാഗ്ദാനങ്ങളിലുൾപ്പെടും.2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബി.ജെ.പി. 25 സീറ്റുകളിലാണ് വിജയിച്ചത്.

Top