പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക കരാർ പ്രഖ്യാപിച്ചേക്കും, വ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം

ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നത് പ്രാധാന്യം വർദ്ധിപ്പിക്കുന്നു

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക കരാർ പ്രഖ്യാപിച്ചേക്കും, വ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം
പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക കരാർ പ്രഖ്യാപിച്ചേക്കും, വ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം

സുപ്രധാന ചർച്ചകൾക്കും ചരിത്രപരമായ പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ചൊവ്വാഴ്ച) ഒമാൻ സന്ദർശിക്കും. നിലവിൽ ജോർദാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി, അവിടെനിന്നാണ് ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലേക്ക് എത്തുന്നത്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം എന്നത് പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ (CEPA) ഈ സന്ദർശന വേളയിൽ പ്രഖ്യാപിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്ന പ്രധാന കാര്യം. കരാർ പ്രഖ്യാപിക്കപ്പെട്ടാൽ അത് പരസ്പരമുള്ള വ്യാപാര, സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നീ പ്രധാന മേഖലകളിലെ ചർച്ചകൾക്കായി ഒരു ഉന്നതതല സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണ്. ഇതിനുമുമ്പ് 2018 ഫെബ്രുവരിയിൽ അദ്ദേഹം ഒമാൻ സന്ദർശിച്ചിരുന്നു. 2023 ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിക് ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യ-ഒമാൻ ബന്ധം അതിവേഗം വളരുകയാണെന്നും ചില പ്രധാന പദ്ധതികൾ പണിപ്പുരയിലാണെന്നും ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി ശ്രീനിവാസ് അറിയിച്ചു. നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭം ബന്ധത്തിന്റെ ആഴം കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.

Share Email
Top