പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ചെപ്പോക്കിൽ നേർക്കുനേർ. നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം കടുപ്പമേറിയതായതിനാൽ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
ഇന്ന് ജയിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ എളുപ്പമാകും. എന്നാൽ തോറ്റാൽ മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിക്കേണ്ടി വരും. ചെന്നൈയ്ക്കാകട്ടെ ഇന്ന് വിജയം അനിവാര്യമാണ്. തോൽവി വഴങ്ങിയാൽ ടൂർണമെന്റിൽ നിന്നുള്ള പുറത്താകലിന് അത് കാരണമായേക്കാം. ഇന്നത്തെ മത്സരത്തിന് ശേഷം ഹൈദരാബാദിന് ആർസിബിക്കെതിരെയും, ചെന്നൈയ്ക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരെയുമാണ് അടുത്ത മത്സരങ്ങൾ. പ്ലേ ഓഫ് സ്വപ്നം യാഥാർത്ഥ്യമാകാൻ ഇരുടീമുകൾക്കും ഇനി വരും മത്സരങ്ങളിലെല്ലാം വിജയം കൂടിയേ തീരൂ.
Also Read:ഐ.പി.എൽ! രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് അഞ്ച് വിക്കറ്റ് ജയം
ഇരുടീമുകളും തങ്ങളുടെ അവസാന മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയാണ് ഇന്നത്തെ പോരാട്ടത്തിന് ഇറങ്ങുന്നത്. ലഖ്‌നൗവിനോട് ഏഴ് വിക്കറ്റിനാണ് ചെന്നൈ കഴിഞ്ഞ മത്സരത്തിൽ തോറ്റത്. ബാറ്റിങ്ങിൽ കാർത്തിക് ശർമ മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. സഞ്ജു സാംസൺ (20), റുതുരാജ് ഗെയ്‌ക്വാദ് (13), ഉർവിൽ പട്ടേൽ (6) എന്നിവരടങ്ങുന്ന മുൻനിര ബാറ്റർമാരുടെ പരാജയവും ബൗളിങ്ങിലെ മോശം പ്രകടനവും ചെന്നൈയ്ക്ക് വലിയ തലവേദനയാകുന്നുണ്ട്.
മറുഭാഗത്ത്, ഗുജറാത്തിനെതിരായ അവസാന മത്സരത്തിൽ 82 റൺസിന്റെ വലിയ തോൽവിയാണ് ഹൈദരാബാദ് വഴങ്ങിയത്. അന്ന് ബാറ്റിങ് നിര പൂർണ്ണമായി തകർന്നടിഞ്ഞത് ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് ലൈനപ്പിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, ഇഷാൻ മലിംഗ, സാകിബ് ഹുസൈൻ എന്നിവരും ടീമിന് കരുത്തേകുന്നു.






